വാഷിങ്ടണ്‍: മനുഷ്യനില്‍നിന്നു മൃഗങ്ങളിലേക്കു മങ്കിപോക്സ് പടരുന്ന ആദ്യ കേസ് നായയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്വവര്‍ഗാനുരാഗികള്‍ വളര്‍ത്തുന്ന നായയ്ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. വാര്‍ത്തയെത്തുടര്‍ന്ന്, രോഗബാധിതര്‍ വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി) ആന്‍ഡ് പ്രിവന്‍ഷന്‍ തങ്ങളുടെ പ്രതിരോധ ശിപാര്‍ശകള്‍ പുതുക്കി.
പാരീസിലെ ഒരു ആശുപത്രിയിലാണ് നായയില്‍ രോഗബാധ കണ്ടെത്തിയത്. നായയുടെ ശരീരത്തില്‍ വ്രണങ്ങള്‍ പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. അരഭാഗത്ത് പഴുപ്പോടെയുള്ള ചെറിയ കുമിളകളും കാണപ്പെട്ടു. നായ്ക്കള്‍ക്ക് മറ്റു നായ്ക്കളിലേക്കോ മനുഷ്യരിലേക്കോ രോഗം പടര്‍ത്താന്‍ കഴിയുമോയെന്നു നിലവില്‍ വ്യക്തമല്ല.
ഒരുമിച്ചു ജീവിക്കുന്ന രണ്ട് പുരുഷന്മാര്‍ ഉപയോഗിക്കുന്ന കിടക്കയില്‍ ഉറങ്ങിയ നായക്കാണു മങ്കിപോക് ബാധിച്ചതെന്നു ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. പനി, തലവേദന എന്നീ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് മേയ് അവസാനത്തോടെ ഈ പുരുഷന്മാര്‍ക്കു മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.
ഏകദേശം 12 ദിവസത്തിനു ശേഷമാണു നായ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു. തങ്ങളുടെ അതേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതു മുതല്‍ നായ മറ്റു വളര്‍ത്ത് മൃഗങ്ങളുമായോ മനുഷ്യരുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നതു തടയാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഉടമസ്ഥര്‍ പറഞ്ഞു.
ഇതുവരെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്ന കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ആദ്യത്തെ സംഭവമാണിത്. നായ്ക്കള്‍ക്ക് മുമ്പ് ഈ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.
നായയില്‍ വൈറസ് പകര്‍ന്നത് എങ്ങനെയെന്നു കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണു മങ്കിപോക്സ് പടരുന്നത്. നിലവിലെ വ്യാപനത്തിലെ ഭൂരിഭാഗം കേസുകളും സ്വവര്‍ഗാനുരാഗത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണു സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുമായി കിടക്കവിരികള്‍, വസ്ത്രങ്ങള്‍ എന്നിവ പങ്കിടുന്നതിനെതിരെ സര്‍ക്കാരുകളും ആരോഗ്യ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലാളിക്കുക, ആലിംഗനം ചെയ്യുക, ഉറങ്ങുന്ന സ്ഥലവും ഭക്ഷണവും പങ്കിടുക തുടങ്ങിയ അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ ആളുകളില്‍നിന്ന് മൃഗങ്ങളിലേക്കു മങ്കിപോക്സ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് സി.ഡി.സി പറയുന്നു. മങ്കിപോക്സ് ലക്ഷണങ്ങളുള്ളവരും അടുത്തിടെ പോസിറ്റീവായവരും മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.