തിരുവനന്തപുരം: ഇന്നും നാളെയുമായി നിയമസഭയില്‍ അവതരിപ്പിക്കുന്നത് 12 ബില്ലുകള്‍. ഇതില്‍ 11 എണ്ണവും നേരത്തേ സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി ഇറക്കിയതായിരുന്നു. ഓര്‍ഡിനന്‍സ് പുതുക്കാനുള്ള മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരിക്കുകയും ഓര്‍ഡിനന്‍സുകള്‍ കാലഹരണപ്പെടുകയും ചെയ്തതോടെയാണ് അടിയന്തരമായി നിയമസഭ ചേരാന്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ച ലോകായുക്ത നിയമ ഭേദഗതിയുള്‍പ്പെടെ ആറു ബില്ലും ബുധനാഴ്ച സര്‍വകലാശാല നിയമഭേദഗതി ഉള്‍പ്പടെ ആറു ബില്ലുമാണ് സഭയില്‍ അവതരിപ്പിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചത്. സി.പി.ഐ ജില്ല സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ 25, 26 തീയതികളില്‍ സഭ ചേരില്ല.
ഇതോടെയാണ് 12 ബില്ലുകള്‍ രണ്ടു ദിവസം കൊണ്ട് അവതരിപ്പിക്കേണ്ടി വന്നത്. രണ്ടു ദിവസത്തിനിടെ ഇത്രയധികം ബില്ലുകള്‍ കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സഭയില്‍ അവതരിപ്പിച്ച ശേഷം ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കണം.
സബ്ജക്ട് കമ്മിറ്റി നിര്‍ദേശിച്ച പ്രകാരമുള്ള ഭേദഗതികളോടെ ബില്‍ വീണ്ടും സഭയുടെ പരിഗണനക്ക് വരികയും ചര്‍ച്ച പൂര്‍ത്തിയാക്കി പാസാക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ വിവാദമായ ലോകായുക്ത നിയമഭേദഗതിയും സര്‍വകലാശാല നിയമഭേദഗതിയും ഉള്‍പ്പടെ 12 ബില്ലുകളും സഭയില്‍ പാസാകും. സഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനമായിരിക്കും നിര്‍ണായകം.
വി.സി നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കവരാനും സര്‍ക്കാറിന് താല്‍പര്യമുള്ളയാളെ വി.സിയായി നിയമിക്കാനും വഴിയൊരുക്കുന്നതാണ് സര്‍വകലാശാല നിയമഭേദഗതി ബില്‍. ഒക്ടോബറില്‍ കേരള വി.സി പദവി ഒഴിവുവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഭേദഗതി ബില്‍ കൊണ്ടു വരുന്നത്.
സി.പി.ഐ ഉള്‍പ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ച ലോകായുക്ത നിയമഭേദഗതി ബില്ലും തിരക്കിട്ടാണ് സഭയില്‍ കൊണ്ടുവരുന്നത്. ബില്ലുകളില്‍ മതിയായ ചര്‍ച്ചക്ക് സമയമുണ്ടാകില്ലെന്നതു തന്നെയാണ് പ്രധാന വിമര്‍ശനവും.
സര്‍വകലാശാല, ലോകായുക്ത നിയമ ഭേദഗതി ബില്ലുകള്‍ക്കു പുറമെ കേരള മാരിടൈം ബോര്‍ഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസര്‍വിസ്, കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ഭേദഗതി, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ് വികസനവും, കേരള പൊതുമേഖല നിയമന ബോര്‍ഡ്, കേരള പബ്ലിക് ഹെല്‍ത്ത്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലുകളാണ് രണ്ടു ദിവസത്തിനിടെ സഭയുടെ പരിഗണനക്ക് വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.