പൂഞ്ഞാർ കൊവേന്തയിൽ തന്റെ വാർദ്ധക്യത്തിന്റെ അവശതകളെ ഒന്നും പരിഗണിക്കാതെ സുറിയാനി പഠിക്കുവാൻ താത്പര്യമുള്ളവരുടെ അടുക്കലേയ്ക്ക് ഓടിവരുന്ന ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. പരിശുദ്ധ ത്രീത്വത്തിന്റെ പ്രതീകം മുഖത്ത് ആലേഖനം ചെയ്യാനെന്നോണം ത്രികോണാകൃതിയിൽ ഒതുക്കി നിറുത്തിയ താടിമീശയും ചുണ്ടത്ത് ഊറിയ ചിരിയുമായി അദ്ദേഹം പഠിതാക്കളെ വലിപ്പച്ചെറുപ്പം ഒന്നുമില്ലാതെ സ്വീകരിച്ചു. സുറീയാനിയുടെ വ്യാകരണ നിയമങ്ങൾ അദ്ദേഹത്തിന് കൈവെള്ളയിൽ എന്നപോലെ ഹൃദിസ്ഥമായിരുന്നു അദ്ദേഹത്തിന്റെ പേര് തെള്ളിയിൽ ഇമ്മാനുവേൻ അച്ചൻ. അദ്ദേഹം സ്വയം മാണി അച്ചൻ എന്നു പരിചയപ്പെടുത്തുമായിരുന്നു.
ഭാഷ അദ്ദേഹത്തിന് എളുപ്പത്തിൽ വഴങ്ങുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും സുറിയാനിയിലും അച്ചടി മഷി പുരണ്ടതും അല്ലാത്തതുമായ കവിതകൾ, ഉറവിടങ്ങളോടു വിശ്വസ്ഥത പുലർത്തുന്ന തർജ്ജമകൾ, സുറിയാനി വ്യാകരണപ്പുസ്തകങ്ങൾ, സുറിയാനി-ഇംഗ്ലീഷ്-മലയാളം നിഘണ്ടു. അച്ചന്റെ സാഹിത്യസംഭാവനകളെ സാഹിത്യലോകമോ അച്ചൻ അംഗമായ സഭയോ അർഹിയ്ക്കുന്ന ആദരവോടെ നോക്കിക്കണ്ടീട്ടുണ്ടോ എന്നു സംശയമാണ്. ശിഷ്യന്മാർക്കും സുഹൃത്തുക്കൾക്കും പദ്യത്തിൽ അച്ചൻ കത്തുകൾ എഴുതുമായിരുന്നു. അതിൽ ചിലതാകട്ടെ സുറിയാനിയിലും.
തൊണ്ണൂറാം വയസ്സിലും കാപ്പുംതലയിലെ ബേസ് അപ്രേം നസ്രാണീ ദയറയിലേയ്ക്ക് സുറീയാനി പഠിപ്പിക്കുവാൻ അച്ചൻ പോകുന്നതിൽ കോവേന്തയിൽ സഹസന്യാസികൾക്ക് ആശങ്കയുണ്ടായിരുന്നു. പൂഞ്ഞാറിൽ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്ക്. അവിടെ നിന്ന് പാലായ്ക്ക്. പാലായിൽ നിന്ന് കുറവിലങ്ങാട്ടേയ്ക്ക്. മൂന്നു ബസ്സുകൾ മാറി കയറണം. അപ്പോൾ ഉച്ചയാവും. അച്ചന്റെ സ്ഥിരം ഒരു ഹോട്ടൽ ഉണ്ടായിരുന്നു. ഒരു പൊറോട്ട സാമ്പാറു കൂട്ടി കഴിയ്ക്കും. അതാവും ഉച്ചഭക്ഷണം. അപ്പോഴേയ്ക്കും അച്ചന്റെ ശിഷ്യന്മാർ ആരെങ്കിലും ബൈക്കുമായി എത്തും. അച്ചനെ ദയറയിലേയ്ക്ക് കൂട്ടിക്കൊണ്ടൂപോകുവാൻ. ഈ സമയത്തൊക്കെ അച്ചൻ ക്യാൻസർ ബാധിതനായിരുന്നു എന്നുകൂടെ ഓർക്കണം. അച്ചൻ ക്യാൻസറിനെ ഒട്ടും വകവച്ചിരുന്നില്ല. ഒരു പക്ഷേ ക്യാൻസറിന് അച്ചനെ പേടിയായിരുന്നിരിക്കണം. അങ്ങനെ ആരുടെയും മുന്നിൽ തലകുനിയ്ക്കുന്ന സ്വഭാവം അച്ചനു പണ്ടേ ഇല്ലല്ലോ. പൂഞ്ഞാറിൽ നിന്ന് ദയറയിലേയ്ക്ക് മിക്കവാറും ബസ്സിൽ ഇരിയ്ക്കാൻ സീറ്റു കിട്ടും. തിരിച്ചുള്ള ദയറയിൽ നിന്ന് പാലായിലേയ്ക്ക് വരുമ്പോൾ സീറ്റു കിട്ടീയാലായി. മിക്കവാറും നിന്നു തന്നെയാവും വരിക. അച്ചന് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല.
വാർദ്ധക്യത്തിലാണ് അച്ചൻ സ്കൂട്ടറും കാറും ഓടിക്കുവാൻ പഠിക്കുന്നത്. വാർദ്ധക്യത്തിലാണ് അച്ചൻ കമ്പ്യൂട്ടറിനെ മെരുക്കുന്നത്. വാങ്ങിപ്പോയവരെപ്പറ്റി പൗലോസ് ശ്ലീഹായെ കടമെടുത്ത് “ഓട്ടം പൂർത്തിയാക്കി” എന്നു പറയാറില്ലേ. അച്ചന്റെ ജീവിതം അക്ഷരാർത്ഥത്തിൽ ഒരു ഓട്ടം തന്നെയായിരുന്നു. അത് പൂഞ്ഞാർ കൊവേന്ദയുടെ ഒന്നാം നിലയിൽ നിന്ന് സന്ദർശനമുറിയിലേയ്ക്കാണെങ്കിലും ശരി, പൂഞ്ഞാറിൽ നിന്ന് കാപ്പുംതലയിലേയ്ക്ക് ആണെങ്കിലും ശരി. ഒരു നമസ്കാരത്തിൽ നിന്ന് മറ്റൊരു നമസ്കാരത്തിലേയ്ക്ക്, സന്യാസിയിൽ നിന്ന് ഗുരുനാഥനിലേയ്ക്ക് ഗുരുനാഥനിൽ നിന്ന് സന്യാസിയിലേയ്ക്ക്…അച്ചൻ ഓടുകയായിരുന്നു.
അച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന പൂഞ്ഞാർ കൊവേന്തയുടെ സിമിത്തേരിയിലെ അച്ചന്റെ കല്ലറയുടെ തൊട്ടടുത്താണ് സഹോദരനായ തോട്ടക്കര അച്ചന്റെ കബറിടം. സുറിയാനിയെ ജീവനുതുല്യം സ്നേഹിച്ച മറ്റൊരു പ്രതിഭ. നിത്യതയിൽ അവർ കണ്ടുമുട്ടുമ്പോൾ മിണ്ടിയും പറഞ്ഞും ഇരിയ്ക്കുന്നത് സുറിയാനിയിൽ ആയിരിക്കുമോ?
(തെള്ളിയിൽ മാണി മല്പാന്റെ ശിഷ്യനും ബന്ധുവുമാണ് ലേഖകൻ )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.