ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ; രാജിയിലേക്കെന്ന് സൂചന

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ; രാജിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി.

ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്താല്‍ സോറന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വരും. സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍ ഭരണത്തിലുള്ളത്.

സോറന്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കു തന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി.

ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ആരോപണം ഉന്നയിച്ചത്. 2021 ല്‍ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറന്‍ ഖനന പാട്ടം തനിക്ക് തന്നെ അനുകൂലമാക്കി. ഇത് അഴിമതിയും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

തുടര്‍ന്നു നല്‍കിയ പരാതിയില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയായിരുന്നു. സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാവുന്നതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. വിഷയത്തില്‍ സോറന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.