ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ തോല്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പതിനാറുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ് ബാബു പ്രഗ്നാനന്ദ. ചെന്നൈയില്‍ നിന്നുള്ള ഈ യുവ ചെസ് ഗ്രാന്‍ഡ് മാസ്റ്ററുടെ വിജയം ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യന്‍ ജനത.
എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോകത്തെ ഈ പതിനാറുകാരന്‍ ഞെട്ടിച്ചത്. കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങള്‍ക്കൊടുവില്‍ 31 കാരനായ കാള്‍സണെ അടിയറവ് പറയിക്കുകയായിരുന്നു. എട്ട് റൗണ്ട് പൂര്‍ത്തിയായ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ 12 ാം സ്ഥാനത്താണ് പ്രഗ്നാനന്ദ ഇപ്പോള്‍.
'തുടര്‍ച്ചയായ വിജയങ്ങള്‍ മടുപ്പിക്കുന്നു. തനിക്ക് പോന്നൊരു എതിരാളി ഇപ്പോള്‍ നിലവിലില്ല. ഇതിനപ്പുറം ചെസില്‍ എന്തെങ്കിലും നേടാനുണ്ടന്ന് കരുതുന്നില്ല. അതിനാല്‍ അടുത്ത തവണ മുതല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല'- മാഗ്നസ് കാള്‍സണ്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ ഇപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായിപ്പോയി എന്നൊരു പക്ഷേ കാള്‍സണ് തോന്നുന്നുണ്ടാവാം. കാരണം ആറ് മാസത്തിനിടെ തുടര്‍ച്ചയായി മൂന്ന് തവണയാണ് 16 കാരനോട് ലോക ഒന്നാം നമ്പര്‍ താരം തോല്‍വി വഴങ്ങിയത്.y
ലോകത്തെ ഞെട്ടിച്ച പ്രഗ്‌നാന്ദയുടെ ജീവിതം ചെസ് ബോര്‍ഡിലെ കരുക്കളെക്കാള്‍ കാഠിന്യമേറിയതായിരുന്നു. തമിഴ്നാട്ടിലെ പാഡിയില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു പ്രഗ്‌നാനന്ദയുടെ ജനനം. പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബു ബാങ്ക് ജീവനക്കാരനാണ്. മാതാവ് നാഗലക്ഷ്മിയാണ് പ്രഗ്‌നാനന്ദയുടെ ശക്തി. സഹോദരി വൈശാലിയില്‍ നിന്നാണ് പ്രഗ്‌നാനന്ദ ചെസിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.
നിരന്തരം ടിവി കാണുന്ന ശീലമുണ്ടായിരുന്നു വൈശാലിക്ക്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാകുന്നതിനായാണ് മകളെ അടുത്തുള്ള ചെസ് ക്ലാസില്‍ ചേര്‍ക്കാന്‍ മാതാപിതാക്കാള്‍ തീരുമാനിച്ചത്. ചേച്ചി ചെസ് കളിക്കുന്നത് കണ്ടാണ് പ്രഗ്‌നാനന്ദയും ഒപ്പം കൂടിയത്. പിന്നാലെ ചെസ് അവനൊരു ഹരമായി മാറി.
ചെറുപ്രായത്തില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനങ്ങളുമായി കുഞ്ഞു പ്രഗ്‌നാനന്ദ പരിശീലകരെ പ്പോലും ഞെട്ടിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിന്റെ അക്കാഡമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്ക് എത്തിയത്. 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വയസിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടായിരുന്നു പ്രഗ്‌നാനന്ദയുടെ തുടക്കം.
സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍.ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. 3000 റേറ്റിങ് പോയിന്റാണ് പ്രഗ്‌നാനന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയില്‍ പോയാല്‍ ആ സ്വപ്‌നം കൈവരിക്കുന്ന കാലം അതിവിദൂരമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.