ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനം.
പക്വതയില്ലാത്ത രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തെന്നും രാഹുലും കൂട്ടാളികളും മാത്രം ചേര്‍ന്നാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അഞ്ചു പേജുള്ള രാജിക്കത്തില്‍ അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസില്‍ നടക്കുന്നത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. സോണിയാ ഗാന്ധിയാണ് പാര്‍ട്ടി അധ്യക്ഷയെങ്കിലും തീരുമാനമെടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നത്.
രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വന്നതോടെയാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങുന്നത്. രാഹുലിന്റെ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ 2013 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കീറിയെറിഞ്ഞത്.
അത് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആകെത്തന്നെയും വിശ്വാസ്യത ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യുന്ന തരത്തിലായി. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014 ലെ യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന് നിര്‍ണായക സംഭാവന നല്‍കിയെന്നും ആസാദ് കത്തില്‍ കുറിച്ചു.
2013 ജനുവരിയില്‍ ജയ്പൂരില്‍ വെച്ച് പാര്‍ട്ടിയുടെ പ്രത്യേക നേതൃയോഗം ചേര്‍ന്ന് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി തന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതി ശുപാര്‍ശകള്‍ 2014 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രവര്‍ത്തക സമിതി തീരുമാനിച്ചെങ്കിലും ഒന്നു പോലും നടപ്പാക്കിയില്ലെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.
താല്‍പ്പര്യമില്ലാത്ത ആളിന് നേതൃസ്ഥാനം നല്‍കിയതാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ആരോപിച്ച ഗുലാം നബി തനിക്ക് പുറമേ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും രാജിക്കത്തില്‍ സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.