ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെതിരായ വിലക്ക് അന്താരാഷ്‌ട്ര ഫുട്ബോൾ ഫെഡറേഷൻ പിൻവലിച്ചു. ഫിഫ മാനദണ്ഡങ്ങൾ പ്രകാരം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാരണ ഉണ്ടായതിനെ തുടർന്നാണ് വിലക്ക് നീക്കിയത്.
രാജ്യാന്തര ഫുട്‌ബോള്‍ ഏജന്‍സിയായ ഫിഫയുടെ കൗണ്‍സില്‍ ബ്യൂറോ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര കാര്യങ്ങളിലെ മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കിയത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. തുടർന്ന് താത്കാലിക ഭരണ സമിതിയെ സുപ്രീം കോടതി പിരിച്ചു വിട്ടിരുന്നു. ഇതോടെ ഇന്ത്യൻ ഫുട്ബോളിന് മേൽ നിലനിന്നിരുന്ന ആശങ്ക അകലുകയായിരുന്നു.
എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങള്‍ ഏറ്റെടുക്കാന്‍ രൂപീകരിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു. ഫിഫയും എഎഫ്സിയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയും സമയബന്ധിതമായി തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് എഐഎഫ്എഫിനെ പിന്തുണയ്ക്കുകയും ചെയ്യും.
വിലക്ക് നീക്കിയതോടെ മുൻനിശ്ചയിച്ച പ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമായി. കൂടാതെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പോലുള്ള കോണ്ടിനെന്റല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് പങ്കെടുക്കാനും അനുമതി ലഭിക്കും.
സെപ്റ്റംബർ രണ്ടിന് എഐഎഫ്എഫില്‍ തിരഞ്ഞെടുപ്പ് നടക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ അടുത്ത പ്രസിഡന്റായി ചുമതലയേല്‍ക്കാനാണ് സാധ്യത. ഒന്നിച്ചുനില്‍ക്കണമെന്നും ഇന്ത്യന്‍ ഫുട്‌ബോളിനെ മെച്ചപ്പെടുത്താന്‍ സഹായങ്ങള്‍ നല്‍കണമെന്നും എഐഎഫ്എഫ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈചുങ് ബൂട്ടിയ തന്റെ മുന്‍ സഹ ഫുട്‌ബോള്‍ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.