ബഫര്‍ സോണ്‍: സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും താമരശേരി രൂപത

ബഫര്‍ സോണ്‍: സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും താമരശേരി രൂപത

കോഴിക്കോട്: നേര്‍ത്ത മുടിയില്‍ തൂക്കിയിട്ട വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ഇന്ന് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത അനുഭവിക്കുന്നതെന്ന് താമരശേരി രൂപത. ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന ദുരതങ്ങള്‍ ചൂണ്ടിക്കാട്ടി രൂപത ഇറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

സംരക്ഷണ കവചമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബഫര്‍ സോണിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇവിടുത്തെ ജനത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ വനത്തിനും വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ വക ഉദ്യാനങ്ങള്‍ക്കും സംരക്ഷണം നല്‍കി, അനേകം ദശകങ്ങള്‍ക്കു മുമ്പ് തന്നെ സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റ്, മതിയായ രേഖകളോടെ പിതാമഹന്മാര്‍ വില കൊടുത്ത് സമ്പാദിച്ച മണ്ണില്‍ നിന്നും ഒരു ജനതയെ കുടിയിറക്കുവാനുള്ള കുടില ബുദ്ധിയാണ് അതിന്റെ പിന്നിലെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ലൊരു ശതമാനം ജനപ്രതിനിധികളും മലയോര കര്‍ഷകരുടെ രക്ഷയ്ക്ക് എത്തുന്നില്ലായെന്നത് ഖേദകരമാണ്. പ്രകൃതി ദുരന്തങ്ങളും വന്യമൃഗ ശല്യങ്ങളും പരിസ്ഥിതിയുടെ പേരിലുള്ള കരി നിയമങ്ങളും കൊണ്ട് ജീവിതം ദുസഹമായിത്തീര്‍ന്നിരിക്കുന്ന മലയോര ജനതയുടെ വേദന ഈ നാട്ടിലെ മനുഷ്യ സ്‌നേഹികളുടെ വേദനയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്, ബഫര്‍സോണ്‍ മേഖലയിലെ ഉപജീവന നിര്‍മിതികള്‍ അടക്കമുള്ള എല്ലാ സ്ഥിതി വിവരക്കണക്കുകളുടെയും വിശദാംശങ്ങള്‍ ആവശ്യമായ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ തയ്യാറാക്കി ലിസ്റ്റ് ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ സുപ്രീം കോടതിക്കു മുമ്പാകെ സമര്‍പ്പിക്കണമെന്നായിരുന്നു.

കൂടാതെ ബഫര്‍ സോണിന്റെ ദൂരപരിധി കുറയ്ക്കാന്‍ മതിയായ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി രേഖകള്‍ സഹിതം സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും സമീപിച്ച് അവരുടെ ശുപാര്‍ശകളോടെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയാല്‍ കോടതി അത് പരിഗണിക്കുന്നതാണെന്നും വിധിയില്‍ പ്രസ്താവിച്ചിരുന്നു.

തുടര്‍ന്ന് വിവിധ രൂപതകളും പൊതുജനവും ഒരുമിച്ചു നടത്തിയ സമര പരമ്പരകളുടെ ഫലമായി സര്‍ക്കാര്‍ കേവലം ഒരു റിവ്യൂ ഹര്‍ജി നല്‍കുവാന്‍ തയ്യാറായെങ്കിലും എന്നും കര്‍ഷകരെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന വനം വകുപ്പിനെ മാത്രമാണ് ആ ദൗത്യം ഏല്‍പിച്ചതെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിനു വേണ്ടി വനം വകുപ്പ് തയ്യാറാക്കിയ റിവ്യൂ ഹര്‍ജി വായിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടതായി മനസിലാകുന്നത്.

കാരണം സ്ഥിതിവിവര കണക്കുകള്‍ ഇല്ലെന്നു മാത്രമല്ല, കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരം വരെ ബഫര്‍സോണ്‍ പ്രഖ്യാപനത്തില്‍പ്പെട്ടിരിക്കുന്നു.

വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വായു ദൂരത്തുള്ള ബഫര്‍സോണ്‍ പ്രദേശത്ത് കയ്യേറ്റക്കാരും ആദിവാസികളും വനഭൂമി കയ്യേറി സ്വന്തമാക്കിയെന്ന മട്ടിലാണ് പുനപരിശോധന ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന റിപ്പോര്‍ട്ടാണിത്. സാധാരണക്കാരുടെ കൃഷി ഭൂമിയെപ്പറ്റിയും ഉപജീവന മാര്‍ഗത്തെപ്പറ്റിയും റിവ്യൂ പെറ്റീഷന്‍ മൗനം അവലംബിക്കുന്നു. കൂടാതെ ഈ പ്രദേശത്തുള്ള യാതൊരുവിധ സ്ഥിതി വിവരക്കണക്കുകളും റിവ്യൂ പെറ്റീഷനില്‍ കാണുന്നില്ലായെന്നുള്ളത് ആശങ്ക ജനിപ്പിക്കുന്നു.

ഇപ്രകാരം ബഫര്‍ സോണുകളില്‍ വരുന്ന ഭൂമി കയ്യേറ്റക്കാരുടെയും ആദിവാസികളുടെയും മാത്രമാണ് എന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളുടെ പക്ഷത്തു നിന്നല്ല, മറിച്ച് കപട പരിസ്ഥിതി വാദികളുടെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത് എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ വനം വകുപ്പിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.  സുപ്രീം കോടതി അവശ്യപ്പെട്ടിരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചേ മതിയാകൂ. അതല്ലാത്ത ഒരു റിവ്യൂ ഹര്‍ജിയും പരമോന്നത കോടതിയില്‍ നിലനില്‍ക്കുകയില്ല എന്ന വസ്തുത ഇവിടുത്തെ കര്‍ഷക ജനത മനസിലാക്കിയിട്ടുണ്ടെന്നും രൂപത പറയുന്നു.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, കാന്തലോട്, ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്ര, ചങ്ങരോത്ത് എന്നീ വില്ലേജുകള്‍ ബഫര്‍സോണിലും കാവിലുംപാറ, ചക്കിട്ടപാറ, തിനൂര്‍, ചെമ്പനോട, കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി എന്നീ വില്ലേജുകള്‍ പരിസ്ഥിതി സംവേദക ഏരിയ പരിധിയിലും വരുന്നുണ്ട്.
മലപ്പുറം ജില്ലയിലെ ചുങ്കത്തറ, അകമ്പാടം, കരുളായി, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, കുറുമ്പളത്തോട്, വാളിക്കടവ്, അമരമ്പലം, കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളും പരിസ്ഥിതി സംവേദക ഏരിയ പ്രശ്‌നം നിലനില്‍ക്കുന്ന വില്ലേജുകളാണ്.

ഈ സ്ഥലങ്ങളിലെ മലയോര ജനതയെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും ഒരു ഭരണത്തിനും ഇവിടെ നിലനില്‍പില്ലായെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മനസിലാക്കും വരെ സംഘടിതമായി ഇതിനെതിരെ നിലയുറപ്പിക്കുവാന്‍ കര്‍ഷക ജനത മുന്നോട്ടു വരുമെന്നും സര്‍ക്കുവര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.