ആസാദ് കശ്മീർ പരാമർശം; കെ ടി ജലീലിനെതിരെയുള്ള കേസ് ഇന്ന് കോടതി പരിഗണിക്കും

ആസാദ് കശ്മീർ പരാമർശം; കെ ടി ജലീലിനെതിരെയുള്ള കേസ് ഇന്ന് കോടതി പരിഗണിക്കും

ഡൽഹി : ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെയുള്ള ഹർജി ഡൽഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും കേസ് എടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. മുൻ മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.

ജി.എസ് മണി നൽകിയ പരാതിയിൽ ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഇഫ്സോയ്ക്കാണ് ഡൽഹി പൊലീസ് കൈമാറിയത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തീവ്ര നിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആ‌ർ. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു.

ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.