ഫ്‌ളോറിഡ: കാല്‍ നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആര്‍ട്ടിമിസ് പദ്ധതിയുടെ ആദ്യ ദൗത്യം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് എസ്എല്‍എസ് ഓറിയോണ്‍ എന്ന ബഹിരാകാശ പേടകം ചന്ദ്രദൗത്യ സാധ്യതകള്‍ പഠിക്കാനായി കുതിച്ചുയരും.
42 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനാണ് ഓറിയോണ്‍ പുറപ്പെടുന്നത്. മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ ബഹിരാകാശ പേടകം എന്ന പ്രത്യേകതയും ഓറിയോണിനുണ്ട്. ചന്ദ്രനിലെ ഈര്‍പ്പം, ജീവ സാന്നിധ്യം, ജീവനുള്ള വസ്തുക്കളോടുള്ള പ്രതികരണം എന്നിവയാണ് പഠനവിധേയമാക്കുന്നത്. ഇതിനായി യീസ്റ്റ്, കടല്‍സസ്യങ്ങള്‍, ഫംഗസ്, വിത്തുകള്‍ തുടങ്ങിയ ജൈവ വസ്തുക്കളും വിവിധ പഠനങ്ങള്‍ക്കായി ഷൂബോക്‌സ് വലുപ്പത്തിലുള്ള 10 ചെറിയ സാറ്റ്‌ലൈറ്റുകളും പേടകത്തില്‍ ഉണ്ടാകും.
ചന്ദ്രോപരിതലത്തിലെ റേഡിയേഷനുകള്‍ ജീവകണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കുകയാണ് ജൈവ വസ്തുക്കള്‍ അയയ്ക്കുന്നതിന്റെ ലക്ഷ്യം. 10 കിലോ വീതം ഭാരംവരുന്ന ചെറു സാറ്റ്‌ലൈറ്റുകള്‍ ചന്ദ്രനെ പഠിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. യാത്രയ്ക്കിടെ മനുഷ്യന്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ കണ്ടെത്താന്‍ പേടകത്തിനുള്ളില്‍ സ്‌പേസ് സ്യൂട്ട് ധരിച്ചുള്ള രണ്ട് മനുഷ്യബൊമ്മകളും ഉണ്ടാകും. വൈബ്രേഷന്‍, റേഡിയേഷന്‍ എന്നിവ എത്രത്തോളം ഉണ്ടാകുമെന്ന് അളക്കുന്ന ഉപകരണങ്ങളും നിരവധി സെന്‍സറുകളും ബൊമ്മകളില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ആളില്ലാ ദൗത്യമാണ് ഇന്ന് ആരംഭിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലാതെ വരികെയോ മറ്റ് തടസങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ രണ്ട് ദിവസങ്ങള്‍കൂടി ലോഞ്ചിംഗിനായി നാസ നിശ്ചയിച്ചിട്ടുണ്ട്. ദൗത്യം വിജയിച്ചാല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന പ്രധാനഘട്ടത്തിന് തുടക്കം കുറിക്കും. 2025ലാകും ഇതിന്റെ ലോഞ്ചിംഗ് ഉണ്ടാവുക.
നാസ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതില്‍ വച്ച് കരുത്തുറ്റതും വലപ്പമേറിയതുമായ പേടകമാണ് ദൗത്യത്തിന് സജ്ജമായിരിക്കുന്നത്. 2011 ല്‍ നിര്‍മാണം ആരംഭിച്ച എസ്എല്‍എസ് ഓറിയോണിന് 322 അടി ഉയരവും മുകളില്‍ 8.4 മീറ്ററും താഴ് ഭാഗത്ത് 27.6 മീറ്ററും വ്യാസം ഉണ്ട്. ഇരുപത്തിയാറായിരം കിലോയിലധികമാണ് ഭാരം. 27 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും പേടകത്തിനുണ്ട്. പേടക നിര്‍മാണത്തിന് 23 ബില്യണ്‍ ഡോളറിലേറെ ഇതുവരെ ചിലവായി.
മൂന്ന് ഭാഗങ്ങളാണ് ഓറിയോണിന് ഉള്ളത്. വശങ്ങളിലെ സ്ട്രാപ്പോണ്‍ ബൂസ്റ്ററുകള്‍, നടുവിലത്തെ കോര്‍ സ്റ്റേജ്, അതിന് മുകളിലെ ഓറിയോണ്‍ ക്യാപ്‌സൂളും. 177 അടി നീളവും 12 അടി വ്യാസവുമുള്ള രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകളാണ് ഇരു വശത്തുമുള്ളത്. റോക്കറ്റിനെ ഭൂമിയില്‍ നിന്ന് ഉയര്‍ത്താന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ ദൗത്യം. റോക്കറ്റ് കുതിച്ച് രണ്ട് മിനുറ്റ് കഴിയുമ്പോള്‍ ഇവ വേര്‍പ്പെടും.
റോക്കറ്റിന്റെ എറ്റവും കരുത്തേറിയ ഭാഗം നടുവിലെ കോര്‍ സ്റ്റേജാണ്. 212 അടി ഉയരമുള്ള ദ്രവ ഇന്ധനമുപയോഗിക്കുന്ന ഈ ഘട്ടമാണ് ഓറിയോണിനെ ഭൂമിക്ക് പുറത്തെത്തിക്കുക. 33,32,283 ലിറ്റര്‍ ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനും ഇവിടെ നിറച്ചിട്ടുണ്ടാകും. കോര്‍ സ്റ്റേജിന് അടിയിലെ നാല് ആര്‍എസ്25 എഞ്ചിനുകളാണ് റോക്കറ്റിന്റെ ശക്തി. വിക്ഷേപണം കഴിഞ്ഞ് എട്ട് മിനിറ്റ് കഴിയുമ്പോള്‍ പേടകം ഭ്രമണപഥത്തിലെത്തും. അപ്പോള്‍ കോര്‍ സ്റ്റേജ് വേര്‍പ്പെടും. ഇത് നേരെ ഭൂമിയിലേക്ക് തിരികെ പതിക്കും.
പക്ഷേ ചന്ദ്രനിലേക്ക് ദൂരമിനിയുമുണ്ട്. അവിടെയാണ് ഐസിപിഎസ് എന്ന ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജ് കടന്നു വരുന്നത്. ഓറിയോണ്‍ പേടകത്തിനും കോര്‍ സ്റ്റേജിനും ഇടയിലുള്ള ഈ സംവിധാനമാണ് ഭ്രമണപഥ മാറ്റങ്ങള്‍ക്കും ചന്ദ്രനിലേക്കുള്ള യാത്രക്കിടയിലെ വേഗ നിയന്ത്രണത്തിനും ഉപയോഗിക്കുക. എറ്റവും മുകളിലാണ് ബഹിരാകാശ സഞ്ചാരികള്‍ ഇരിക്കുന്ന ഭാഗം. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന പേടകമാണെങ്കിലും ആദ്യ യാത്രയില്‍ സഞ്ചാരികളില്ല.
ഭൂമിയില്‍ നിന്ന് 3,86,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോണ്‍ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തില്‍ പസിഫിക് സമുദ്രത്തിലേക്ക് ഓറിയണ്‍ വീഴും. 9,300 കോടിയിലധികം യുഎസ് ഡോളര്‍ ചെലവഴിച്ചാണ് ആര്‍ട്ടിമിസ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളര്‍ ചെലവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.