തെരുവുനായയുടെ കടിയേറ്റ് ഓഗസ്റ്റില്‍ മരിച്ചത് എട്ടു പേര്‍: നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍; 26ന് പരിഗണിക്കും

തെരുവുനായയുടെ കടിയേറ്റ് ഓഗസ്റ്റില്‍ മരിച്ചത് എട്ടു പേര്‍: നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍; 26ന് പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ കൂടി വരുന്ന തെരുവ് നായകളുടെ ആക്രമണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലത്തെ സാഹര്യം ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു.

ഓഗസ്റ്റില്‍ മാത്രം കേരളത്തില്‍ എട്ടു പേര്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകന്‍ വി.കെ ബിജു സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തവരാണ്. പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി സുപ്രീം കോടതിയില്‍ ഹാജരായി.

ഈ വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. തെരുവു നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചുള്ള ശുപാര്‍ശ നല്‍കാന്‍ ഈ കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.