പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും; കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം

 പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും; കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ രാവിലെ ഒമ്പതരക്കാണ് പ്രൗഢ ഗംഭീരമായ ചടങ്ങ് നടക്കുക. തദ്ദേശീയമായി വിമാന വാഹിനി കപ്പല്‍ നിര്‍മ്മിച്ച ആറാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ കൊച്ചിന്‍ ഷിപ്പിയര്‍ഡിനും ഇത് അഭിമാന നിമിഷമാകും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവര്‍ കര്‍ശനമായ സുരക്ഷയോടെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തിന് കരുത്തായി മാറുകയാണ് ഈ വിമാന വാഹിനി കപ്പല്‍. ഏത് നിര്‍ണായക ഘട്ടത്തിലും കടലിന് നടുവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ചെറു നഗരമായിരിക്കും ഐഎന്‍എസ് വിക്രാന്ത്. ദേശീയ പതാകയും തുടര്‍ന്ന് നാവിക സേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലില്‍ ഉയര്‍ത്തുന്നതോടെ കപ്പല്‍ നാവിക സേനയുടെ ഭാഗമാകും. ഐ.എന്‍.എസ് വിക്രാന്ത് എന്ന് പേരുമാകും.

260 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുളള ഐഎന്‍എസ് വിക്രാന്ത് വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏഴാം സ്ഥാനത്താണ്. ഇന്ധനം സൂക്ഷിക്കാനായി 250 ടാങ്കറുകള്‍,2400 കമ്പാര്‍ട്ട്മെന്റുകള്‍, 1450 നാവികര്‍ക്കും ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ക്കും താമസിക്കാനുളള സൗകര്യവും ഇതിലുണ്ട്.

യുദ്ധ വിമാനങ്ങള്‍ക്ക് പറന്ന് ഉയരുന്നതിന് 14 ഡിഗ്രിയില്‍ സ്‌കീ ജംപിന് സഹായിക്കുന്ന രീതിയിലാണ് റണ്‍വേ നിര്‍മ്മാണം. 4 മിനിറ്റിനുളള്ളില്‍ 12 ഫൈറ്ററുകള്‍ക്കും ആറ് ഹെലികോപ്റ്ററുകള്‍ക്കും ഫ്ളൈറ്റ് ഡക്കില്‍ നിന്ന് നിക്ഷ്പ്രയാസം പറന്നുയരാം. മൂന്ന് മെഗാവാട്ടിന്റെ എട്ട് ഡീസല്‍ ജനറേറ്ററുകളാണു വൈദ്യുതോല്‍പാദനത്തിനായി ഉപയോഗിക്കുന്നത്. പ്രതിദിന ഉല്‍പാദനം 24 മെഗാ വാട്ട് വൈദ്യുതി.

വിക്രാന്തില്‍ ഉപയോഗിച്ചിട്ടുള്ള ഇലക്ട്രിക് കേബിളുകളുടെ നീളം 3000 കിലോമീറ്ററോളം വരും. 16 കിടക്കകളുളള അത്യാധുനിക ആശുപത്രിയും സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ മൂവായിരം ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയുന്ന ഓട്ടമേറ്റഡ് ചപ്പാത്തി മേക്കറടക്കം ഉളള അടുക്കളയും വിക്രാന്തില്‍ ഉണ്ട്.

വിക്രാന്തിന്റെ സമര്‍പ്പണ ചടങ്ങിന് ശേഷം നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് മംഗലാപുരത്തേക്ക് പോകും.

അതേസമയം കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചു. പകല്‍ 11 മുതല്‍ രണ്ടുവരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.