അവാര്‍ഡ്‌ കിട്ടാത്ത അധ്യാപകര്‍

 അവാര്‍ഡ്‌ കിട്ടാത്ത അധ്യാപകര്‍

"മൂന്ന് പതിറ്റാണ്ടുകള്‍ ഞാന്‍ അധ്യാപകനായി സേവനം ചെയ്തു. ആയിരക്കണക്കിനു കുട്ടികളെ പഠിപ്പിച്ചു. അവരില്‍ പലരും പ്രശസ്തരും പ്രഗത്ഭരും ആയിട്ടുണ്ട്‌. അവരാരെങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. ഞാനും എല്ലാവരെയും ഓര്‍ക്കുന്നില്ല. ഞാന്‍ പഠിപ്പിച്ച എല്ലാ കുട്ടികളുടെയും ഉള്ളില്‍ അവരെ ജീവിക്കാന്‍ എപ്പോഴും പ്രചോദി പ്പിക്കുന്ന ഒരു ഓര്‍മ്മയെങ്കിലും എന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും,തീര്‍ച്ച.”

ഇന്ത്യയുടെ പ്രസിഡന്റും, പ്രശസ്ത അധ്യാപകനുമായിരുന്ന ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ്‌ ‍ സെപ്റ്റംബര്‍ അഞ്ചിന് ‌ അധ്യാപകദിനമായി ആചരിക്കുന്നത്‌. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ അഞ്ചിലെ പത്രങ്ങളിലും ചാനലുകളിലും സംസ്ഥാന, ദേശീയ തലങ്ങളില്‍ അവാര്‍ഡു ലഭിക്കുന്ന പ്രശസ്തരും പ്രഗത്ഭരുമായ നിരവധി അധ്യാപകരുടെ പേരുകളും ചിത്രങ്ങളും ഉണ്ടാകും. അവരെ എല്ലാവരും അറിയും. അവര്‍ വീണ്ടും ആദരിക്കപ്പെടും. എന്നാല്‍ അവാര്‍ഡുകള്‍ക്കപ്പുറത്ത്‌, അനവധി വര്‍ഷങ്ങള്‍ ഹാജര്‍ബുക്കും, പാഠപുസ്തകവും, ചോക്കും പിടിച്ച്‌ വിരല്‍ത്തഴമ്പു വന്നവര്‍, ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ മാത്രം സ്വപ്നംകണ്ടുറങ്ങിയവര്‍, പൊന്നാടകളോ പൂമാലകളോ ലഭിക്കാതെ, ഒരായുസിന്റെ നിയോഗം നിറവേറ്റിയതിന്റെ മനം നിറഞ്ഞ സ്മരണകളുമായി ആരുമറിയാതെ വാര്‍ധക്യം തള്ളിനീക്കുന്നുണ്ടാകും. ഒരിക്കലും ഒരു സര്‍ക്കാരും അവാര്‍ഡൊന്നും നല്കിയില്ലെങ്കിലും ഒത്തിരി ബാല്യങ്ങളെ മൂല്യബോധത്തില്‍ ഉറപ്പിച്ചതിന്റെ ധന്യതമാത്രം നേട്ടമായിട്ടുള്ള അവരിലൊരാളുടെ ആത്മനിരീക്ഷണമാണ്‌ ഞാന്‍ തുടക്കത്തില്‍ ഉദ്ധരിച്ചത്‌.
നോബല്‍സമ്മാന ജേതാവും ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന സര്‍ സി.വി രാമന്‍ 1969ലെ യുവബിരുദധാ രികളെ അഭിസംബോധന ചെയ്തു പറഞ്ഞിതപ്രകാരമാണ്‌.“നിങ്ങളുടെ ജോലിയോട്‌ സാഹസികമായ അര്‍പ്പണ ബോധമുണ്ടെങ്കില്‍ മാത്രമേ വിജയം നേടാനാകൂ. അജയ്യമായ ആവേശത്തോടെ മുന്നേറിയാല്‍, നമുക്ക്‌ അര്‍ഹമായ സ്ഥാനം നിഷേധിക്കാന്‍ ഒരു ശക്തിക്കും സാധ്യമാവുകയില്ല.”

എത്ര പ്രചോദനാത്മകമായ വാക്കുകള്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നവരാണ്‌ യഥാര്‍ഥ അധ്യാപകര്‍. നമ്മുടെ എല്ലാ അധ്യാപകരും നമ്മെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന ഓര്‍മ്മയാകണം. അങ്ങനെ വീണ്ടും വീണ്ടും ജീവിക്കാനും അതിജീവിക്കാനും പ്രചോദിപ്പിക്കുന്ന ആ ഗുരുസ്മരണയ്ക്കാണ്‌ ഗുരുത്വം എന്നു പറയുന്നത്‌. ഗുരു എന്നാല്‍ ഇരുട്ടിനെ അകറ്റുന്ന ആളാണല്ലോ. ഇരുട്ടിനെ അകറ്റുന്നത്‌ പ്രകാശമാണ്‌. അതിനാല്‍ ഗുരു വെളിച്ചമാണ്‌. എല്ലാ ശിഷ്യരിലും കത്തി നില്‍ക്കുന്ന വെളിച്ചം. ആരിലെങ്കിലും ഈ വെളിച്ചം കെട്ടുപോകുമ്പോഴാണ്‌ അവര്‍ ഗുരുത്വം കെട്ടവരാകുന്നത്‌. കുരുത്തക്കേടുകള്‍ ചെയ്തുകൂട്ടുന്നവര്‍ ഈ വെട്ടം കെട്ട വിദ്യാര്‍ത്ഥികളാണ്‌!

നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെ അഭിപ്രായത്തില്‍ ടീച്ചറിന്റെ മുമ്പിലുള്ളത്‌ വെറും വിദ്യാര്‍ത്ഥികളല്ല. ആകാശത്തിനു താഴെയുള്ളതില്‍ ഏറ്റവും ശക്തിയുള്ള വൈഭവസ്രോതസ്സായ ജലിക്കുന്ന യുവമനസുകളാണ്‌. അവരിലെ അഗ്നിയെ ആളിക്കത്തിക്കുന്നവരാണ്‌ മികച്ച അധ്യാപകര്‍. വിജ്ഞാനത്തിന്റെ പ്രകാശം ചുറ്റും പ്രസരിപ്പിച്ചിരുന്ന അധ്യാപകരത്നം, ടി.തോത്താദ്രി അയ്യങ്കാരെപ്പറ്റി ശ്രീ അബ്ദുള്‍ കലാം തന്റെ 'ജലിക്കുന്ന മനസുകള്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.

ജാതിമത ഭേദങ്ങള്‍ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി സമഭാവനയോടെ എല്ലാ വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്ന അധ്യാപകരെയാണ്‌ ഇന്നിന്റെ വിദ്യാര്‍ത്ഥികള്‍ കൊതിച്ചു കാത്തിരിക്കുന്നത്‌. കൂട്ടുകാരേ, നമ്മില്‍ പലര്‍ക്കും വിദ്യാലയം വിട്ടിറങ്ങുമ്പാള്‍ നമ്മെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്ത ചില അധ്യാപകരോടെങ്കിലും മനസില്‍ അപ്രിയമുണ്ടായേക്കാം. എന്നാല്‍, ഒരു അധ്യാപകനും തന്റെ ഒരു വിദ്യാര്‍ത്ഥിയോടും മനസില്‍ വിദ്വേഷം സുക്ഷിക്കാനാവില്ല. വിദ്യാര്‍ത്ഥികളോട്‌ ഉള്ളില്‍ പകയില്ലാത്തവരാണ്‌ അധ്യാപകര്‍! സ്വന്തം മക്കളേപ്പോലെ കരുതി അനേകായി രങ്ങള്‍ക്ക്‌ ജീവിതപാഠങ്ങളോതിയോതി ആയുസു തീര്‍ക്കുന്ന ഗുരുപാദങ്ങളില്‍ ഈ ദിനത്തില്‍ നമ്മള്‍ വന്ദനമേകണം. ആരുമറിഞ്ഞില്ലെങ്കിലും സ്വകാര്യമായ ഒട്ടനവധി ത്യാഗങ്ങളുടെയും ആത്മനൊമ്പരങ്ങളുടെയും നെരിപ്പോടിനു മുകളിലിരുന്നാണ്‌ നമുക്കു മുന്നില്‍ നിത്യവും അക്ഷരപ്പുവായി വിരിയുന്നത്‌!

അവാര്‍ഡുകിട്ടിയാലും ഇല്ലെങ്കിലും ആരുമറിയാത്ത അനവധി കഷ്ടപ്പാടുകള്‍ അവര്‍ നമ്മുടെ ജീവിതത്തിനുള്ള പാഥേയമായി നല്‍കുന്നുണ്ട്‌. അച്ചക്കടക്കവും അത്യധ്വാനവും കൊണ്ട്‌ നമ്മള്‍ നേടുന്ന ജീവിതവിജയമാകട്ടെ നമ്മുടെ അധ്യാപകര്‍ക്കായി നാം നല്‍കുന്ന അവാര്‍ഡുകള്‍. എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍ നേര്‍ന്നുകൊണ്ട്‌, ഡോ. രാധാകൃഷ്ണന്റെ പ്രശസ്തമായ ഒരു വാക്യത്തോടെ ഈ ചിന്തകള്‍ക്കു വിരാമം കുറിക്കട്ടെ: "respect to teachers can not be ordered; it must be earned.”


ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.