സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക്

സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക്

ദുബൈ: സാമൂഹ്യ പരിഷ്കർത്താവും മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ ജനപ്രിയ നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും ഏർപ്പെടുത്തിവരുന്ന സിഎച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് ഈ വർഷം ഇ.ടി മുഹമ്മദ് ബഷീർ എംപിയെ തെരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോ.സി.പി ബാവ ഹാജി,ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ആക്ടിംഗ് ജനറൽ സെക്രട്ടറി മൂസ കൊയമ്പ്രം, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാർഡ്.

മുൻ വർഷങ്ങളിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ, ഡോ.ശശി തരൂർ എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്.
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലിനെ മുൻനിർത്തിയാണ് ഓരോ വർഷവും അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

പാർലമെന്റിനകത്തും പുറത്തും ഇ.ടി മുഹമ്മദ് ബഷീർ എം.പി നടത്തിവരുന്ന
പ്രസംഗങ്ങളും പ്രവർത്തനങ്ങളും രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നിലനിർത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് ജൂറി വിലയിരുത്തിയതായി ചെയർമാൻ ഡോ.സി.പി ബാവ ഹാജി പറഞ്ഞു.

എം.സി വടകര, ടി.ടി ഇസ്മായിൽ, സി.കെ സുബൈർ എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ.
പൗരത്വഭേദഗതി നിയമത്തിനെതിരെയും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘ്പരിവാർ നടത്തിയ കലാപത്തിനെതിരിലും ലോക്‌സഭയിൽ കടുത്ത ഭാഷയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി മുസ്‌ലിം ലീഗ് ദേശീയ ഓർഗ.സെക്രട്ടറി എന്ന നിലയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റെടുത്ത് നടത്തുന്ന വിദ്യാഭ്യാസ,ജീവകാരുണ്യ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് ജൂറി വിലയിരുത്തി.

അവാർഡ് സമർപ്പണവും സിഎച്ച് അനുസ്മരണ സമ്മേളനവും ഈ മാസം ദുബൈയിൽ വെച്ച് നടത്തുമെന്ന് ജില്ലാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന-ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ.സാജിദ് അബൂബക്കർ, എൻ.കെ ഇബ്രാഹിം, ഹംസ പയ്യോളി, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, വി.കെ.കെ റിയാസ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, അഷ്റഫ് പള്ളിക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.