കടല്‍ കടക്കാന്‍ ഒരു തലയ്ക്ക് രണ്ടര ലക്ഷം; പിടിയിലായ ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു

കടല്‍ കടക്കാന്‍ ഒരു തലയ്ക്ക് രണ്ടര ലക്ഷം; പിടിയിലായ ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു

കൊല്ലം: കൊല്ലത്ത് പിടിയിലായ ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടൂറിസ്റ്റ് വിസയില്‍ തമിഴ്നാട്ടിലെത്തിയ ശ്രീലങ്ക തിരുകോണമല കുച്ചവേളി സ്വദേശി പവിത്രന്‍(27), ടിങ്കോമാലി സ്വദേശി സുദര്‍ശന്‍ (27), അഭയാര്‍ത്ഥികളായെത്തിയ നവനീതന്‍(24), പ്രകാശ് രാജ്(22), അജയ് (24), ജദൂര്‍സന്‍(21), പ്രസാദ്(24), ശരവണന്‍(24), മതിവണ്ണന്‍(35), ക്വീന്‍സ് രാജ് (22), ദിനേശ്കുമാര്‍(36) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ബോട്ട് മാര്‍ഗം വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നായിരുന്നു ഏജന്റായ കൊളംബോ സ്വദേശി ലക്ഷ്മണന്‍ ഇവരെ അറിയിച്ചിരുന്നത്.

ലക്ഷ്മണനെ ഇവര്‍ നേരില്‍ കണ്ടിട്ടില്ല. വാട്‌സാപ്പ് വഴിയായിരുന്നു ബന്ധപ്പെട്ടിരുന്നത്. 45 ദിവസത്തിനുള്ളില്‍ ബോട്ട് മാര്‍ഗം വിദേശത്തേക്ക് എത്തിക്കാമെന്നായിരുന്നു ഏജന്റ് നല്‍കിയ ഉറപ്പ്. രണ്ടര ലക്ഷം രൂപയാണ് കടല്‍ കടക്കാന്‍ ഒരാളില്‍ നിന്ന് ഈടാക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കടല്‍ മാര്‍ഗം വിദേശ രാജ്യങ്ങളിലേക്ക് കടക്കാനായി ഞായറാഴ്ച രാത്രി പത്തോടെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി സംഘം കൊല്ലത്തെത്തിയതായി കൊല്ലം സിറ്റി പൊലീസിന് തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് പേരുടെ ചിത്രവും പേരും കൈമാറി.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കക്കാര്‍ കൊല്ലം ബീച്ച് റോഡിലെ ലോഡ്ജിലുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനൊന്നു പേരും പിടിയിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.