ന്യൂഡല്‍ഹി: ജനങ്ങളുടെ സഹകരണമില്ലാതെ റോഡപകടങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വാഹനാപകടത്തില്‍ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണം സംഭവിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
പിന്നില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതില്ലെന്നാണ് ആളുകളുടെ ധാരണ. ഏതെങ്കിലും അപകടത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ തനിക്ക് താല്‍പര്യമില്ല. പക്ഷെ, മുന്‍സീറ്റിലും പിന്‍സീറ്റിലും ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
മുഖ്യമന്ത്രിമാര്‍ പോലും വാഹന സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. താന്‍ നാല് മുഖ്യമന്ത്രിമാരുടെ കാറില്‍ യാത്ര ചെയ്തു. അവരുടെ പേര് എന്നോട് ചോദിക്കരുത്. അന്ന് താന്‍ മുന്‍ സീറ്റിലായിരുന്നു. നിങ്ങള്‍ ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ അലാറം മുഴങ്ങും. എന്നാല്‍ ഡ്രൈവര്‍മാര്‍ അത് ഓഫ് ചെയ്ത് വെച്ചിരിക്കുന്നു. നാല് മുഖ്യമന്ത്രിമാരുടെ കാറുകളില്‍ ഇതാണ് കണ്ടത്. താന്‍ ഈ രീതി അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള ശ്രമത്തിലാണ് തന്റെ മന്ത്രാലയമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ആറ് എയര്‍ബാഗുകള്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നും ഇത് വില്‍പ്പന കുറയ്ക്കുമെന്നും ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് ഇത് പിന്തുടരുന്നു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവന് വിലയില്ലേ. ഓരോ എയര്‍ബാഗിനും 900 രൂപയേ അധികമായി വേണ്ടൂ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് തങ്ങളുടെ മുന്‍ഗണന.
സൈറസ് മിസ്ത്രിയുടെ അപകടത്തില്‍ ഗഡ്കരി ദുഖം രേഖപ്പെടുത്തി. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു. ശരിക്കും ഇത് രാജ്യത്തിന് വലിയ ഞെട്ടലാണ്. പ്രതിവര്‍ഷം അഞ്ച് ലക്ഷം അപകടങ്ങള്‍ നടക്കുന്നു. 1,50,000 പേര്‍ വാഹനാപകടത്തില്‍ മരിക്കുന്നു. അഹമ്മദാബാദ്-മുംബൈ ഹൈവേ വളരെ അപകടകരമായ റോഡാണ്.
അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ അതിവേഗത്തില്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചാണ് സൈറസ് മിസ്ത്രി (54) മരിച്ചത്. മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിന്‍സീറ്റിലാണ് ഇരുന്നത്. പിന്‍സീറ്റിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ ജഹാംഗീര്‍ പണ്ഡോളയും കൊല്ലപ്പെട്ടു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് അനാഹിത പണ്ഡോളയാണ് കാര്‍ ഓടിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.