ദുബൈ :1921-ലെ മലബാർ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ നായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത പങ്കാളിയും സമര പോരാട്ടത്തിൽ പങ്കാളിയുമായിരുന്ന പറവെട്ടി ഫാത്തിമ എന്ന മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കി മാപ്പിളപ്പാട്ടിലെ ആദ്യത്തെ രചന പുറത്തിറങ്ങി.
പ്രവാസി എഴുത്തുകാരൻ നസറുദ്ദീൻ മണ്ണാർക്കാടാണ് ഗാനം എഴുതിയത്.ദുബൈയിൽ നടന്ന ചടങ്ങിൽ യഹിയ തളങ്കര - പി കെ അൻവർ നഹയ്ക്ക് ഗാനത്തിന്റെ ബ്രോഷർ നൽകി കൊണ്ടാണ് പാട്ട് പുറത്തിറക്കിയത്.പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുറിച്ചാണ്ടി, ഷിയാസ് സുൽത്താൻ, കബീർ ടെൽകോൺ,ഒ പി ഷാജി,സലാം,മാധ്യമ പ്രവർത്തകൻ റശീദുദ്ധീൻ,ഇല്യാസ് കടമേരി, ഷബീബ് എടരിക്കോട്, വി കെ ജലീൽ, ഫനാസ് തലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
“മാപ്പിള മലബാറിൽ ഊറ്റമിൽ ഏറ്റു ചൊല്ലിയ പേര്,.....
മരതക മണി മല മടക്കുകൾ പൊടി പറത്തിയ പോര്”.....
എന്ന വരികളിൽ ആരംഭിക്കുന്ന പാട്ട് ഏറനാടൻ മല നിരകളിൽ പോരാട്ടം നയിച്ചിരുന്ന മാപ്പിള പെണ്ണുശിരിന്റെ നേർ ചിത്രമാണ്.
ഒപ്പന കൊട്ടി പാടേണ്ടിയിരുന്ന ഒരു മാപ്പിളപ്പെണ്ണ് തന്റെ കയ്യിൽ കാരിരുമ്പിന്റെ വാള് പിടിച്ച് കുതിരപ്പുറത്ത് സധൈര്യം പോരാടിയതിന്റെ ചരിത്രമാണ് 'മാളു' എന്ന ഈ ഗാനത്തിന്റെ ഇതിവൃത്തം.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ സ്ത്രീകളെ പോരാട്ടത്തിന് സജ്ജമാക്കി, ഏറനാടന്റെ മല മടക്കുകളിൽ കുതിരപ്പുറത്ത് കയറി പട നയിച്ചിരുന്ന ഏറനാടൻ മാപ്പിള പെണ്ണുശിരിന്റെ ജീവിതം ഏറെക്കുറെ വിസ്മരിക്കപ്പെട്ട സ്ഥിതിയിലാണുള്ളത്. 1879-ൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചീനിപ്പാടത്ത് ജനിച്ച മാളു ഹജ്ജുമ്മ അക്കാലത്ത് തന്നെ മലയാളം, ഇംഗ്ലീഷ് , അറബി വിദ്യാഭ്യാസം നേടുകയും മഞ്ചേരി തഹസിൽദാർ ഓഫീസിൽ അല്പകാലം ക്ലർക്കായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത പങ്കാളിയാവുകയും പിന്നീട് അദ്ദേഹത്തിന്റെ കൂടെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിലേക്ക് എടുത്തു ചാടുകയും ചെയ്ത ചരിത്രമാണ് ഈ ഏറനാട്ടുകാരിക്കുള്ളത്. സ്ത്രീയാണെന്ന് തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് കൊണ്ടായിരുന്നു അവർ യുദ്ധത്തിൽ പങ്കെടുത്തിരുന്നത്. ഹാജിപ്പാറയിൽ വച്ച് മാളു ഹജ്ജുമ്മ ബ്രിട്ടീഷ് പട്ടാളത്തിന്റെ നേർക്ക് നേർ നിന്ന് പോരാട്ടം നയിച്ചിട്ടുണ്ട്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടവും വീര രക്തസാക്ഷിത്വവുമെല്ലാം അക്കാലത്ത് വിദേശ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ മാളു ഹജ്ജുമ്മയെ വിശേഷിപ്പിച്ചിരുന്നത് രാജ്ഞി (ക്വീൻ) എന്നായിരുന്നു. അത്രയധികം പോരാട്ട ചരിത്രത്തിൽ സ്ഥാനമുണ്ടായിരുന്നു ഈ വനിത പിന്നീട് ചരിത്രത്തിൽ നിന്ന് പതിയെ വിസ്മരിക്കപ്പെട്ടു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കണ്ടു കെട്ടിയ സ്വത്തിന് തിരികെ നേടിയെടുക്കാൻ ബ്രിട്ടീഷ് കോടതിയിൽ സ്വന്തമായി കേസ് നടത്തി വിജയിച്ച മാളു ഹജ്ജുമ്മ ആ സ്വത്ത് മുഴുവൻ പള്ളികൾക്കും സ്‌കൂളിനും ദാനം ചെയ്യുകയുണ്ടായി. കരുവാരക്കുണ്ടിലെ ആദ്യത്തെ സ്‌കൂൾ തുടങ്ങിയത് അവർ വിട്ടു നൽകിയ സ്ഥലത്താണ്.
മാസ മീഡിയ നിർമ്മിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തീർത്ഥ സുരേഷാണ്. സംഗീതം റഷീദ് മോങ്ങവും സംവിധാനം നൗഫൽ കണ്ണൂരും നിർവ്വഹിച്ചിരിക്കുന്നു. ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്ന നസറുദ്ദീൻ മണ്ണാർക്കാട് നേരത്തെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയൻ കുന്നത്ത് സീറപ്പാട്ടും കുഞ്ഞാലി മരക്കാർ പടപ്പാട്ടും രചിച്ച് ശ്രദ്ധ നേടിയിരുന്നു. മാളുവിന്റെ ജീവിതം കൂടുതൽ പഠനങ്ങൾക്കും ആവിഷ്ക്കാരങ്ങൾക്കും വിഷയമാവാൻ ഇതൊരു തുടക്കമാവണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അണിയറ ശിൽപ്പികൾ പറഞ്ഞു.
ഫോട്ടോ : മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കിയ മാപ്പിളപ്പാട്ടിലെ ആദ്യഗാനത്തിന്റെ ബ്രോഷർ യഹിയ യഹിയ - -പി കെ അൻവർ നഹയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.