ന്യൂഡല്‍ഹി: അനധികൃത വായ്പാ ആപ്പുകളുടെ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന വായ്പാ ആപ്പുകളുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യും.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ധനകാര്യ സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം സെക്രട്ടറി, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ക്ക് മാത്രമേ ഇനി മുതല്‍ അനുമതി ലഭിക്കുകയുള്ളൂ. ആര്‍ബിഐ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാല്‍ ഈ ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാകൂ എന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഉറപ്പു വരുത്തും.
കള്ളപ്പണം വെളുപ്പിക്കല്‍, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തുടങ്ങി അനധികൃത വായ്പാ ആപ്പുകളുടെ മറവില്‍ നടക്കുന്ന എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരീക്ഷിക്കും.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ രജിസ്‌ട്രേഷന്‍ ഒരു സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അതിനു ശേഷം രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആപ്പിനും പ്രവര്‍ത്തന അനുമതി നല്‍കരുത് എന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപയോക്താക്കള്‍, ബാങ്ക് ജീവനക്കാര്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് സൈബര്‍ ബോധവല്‍ക്കരണം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ വായ്പാ ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ വിവിധ മന്ത്രാലയങ്ങളോടും ഏജന്‍സികളോടും ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം അനധികൃത കമ്പനികള്‍ ഉള്‍പ്പെടുന്ന ചൈനീസ് ലോണ്‍ ആപ്പ് അഴിമതിയില്‍ പാവപ്പെട്ടവരും നിരപരാധികളുമായ നിരവധി പേര്‍ കടക്കെണിയിലായിട്ടുണ്ട്. മുന്‍പ് വ്യാജ ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറില്‍ നിന്ന് 2000 വ്യാജ ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.