എല്ലാറ്റിനും 'മടി'യുള്ളവര്‍... ആ 'മടി'യില്‍ കൊച്ചുമക്കളെ ഇരുത്താന്‍ മടിയില്ലാത്തവര്‍....അവര്‍ നമ്മുടെ വീടിന്റെ മുത്താണ്. അതുകൊണ്ട് നാമവരെ മുത്തച്ഛനും മുത്തശിയും എന്ന് വിളിക്കുന്നു.
കാതില്‍ തേന്മഴ പോലെ, നമ്മെ മധുര പലഹാരങ്ങളുടെ പേരു വിളിച്ച് വളര്‍ത്തിയ ആ വാത്സല്യ സാഗരങ്ങളെ ഓര്‍ക്കാനും നാം അവരെ സ്‌നേഹിക്കുക ആണെന്ന് വരെ അനുഭവിപ്പിക്കാനും ഇതാ ഒരു ദിനം, സെപ്റ്റംബര്‍ 13, ഗ്രാന്‍ഡ് പാരന്‍സ് ദിനം.
1978ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ആണ് സെപ്റ്റംബര്‍ 13 എല്ലാവര്‍ഷവും മാതാപിതാക്കളുടെ, മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തത്. വൃദ്ധ മാതാപിതാക്കള്‍ക്ക്, തങ്ങളുടെ ജീവിതം കൊണ്ട് ആര്‍ജിച്ചെടുത്ത ധാര്‍മിക മൂല്യങ്ങളും പൈതൃക സംസ്‌കാരവും അടുത്ത തലമുറകളിലേക്ക് പകരുക എന്ന കടമയുണ്ട് എന്നും കൊച്ചുമക്കള്‍ അവരെ ആദരിച്ചും അവരില്‍ നിന്ന് പഠിച്ചും വളരണമെന്നും ജിമ്മി കാര്‍ട്ടര്‍ ഗ്രാന്‍ഡ് പാരന്‍സ് ഡേ പ്രഖ്യാപനത്തില്‍ പറയുന്നു.
കുടുംബം എന്ന സാമൂഹിക സംവിധാനം ഏറ്റവും കെട്ടുറപ്പുള്ള കേരളത്തില്‍, എല്ലാ കുടുംബങ്ങളിലും തന്നെ വൃദ്ധമാതാപിതാക്കള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കപ്പെടുന്നു. കുറച്ചു വൃദ്ധ മാതാപിതാക്കള്‍ മക്കളുടെ അവഗണനയും തിരസ്‌കരണവും ഏറ്റുവാങ്ങുന്നുമുണ്ട്. മാതാപിതാക്കള്‍ക്ക് നല്‍കുന്ന സ്‌നേഹ പരിചരണങ്ങളുടെ കണക്കുകള്‍ക്കും മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന കണക്കില്ലാത്ത സ്‌നേഹത്യാഗങ്ങള്‍ക്കും ഇന്ന് നമ്മുടെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം ഇല്ല. എന്നാല്‍ ഓരോ തിരസ്‌കരണവും അമിതമായ വാര്‍ത്താ പ്രാധാന്യം നേടുന്നുമുണ്ട്. അതിനാല്‍ കേരളത്തിലെ മലയാളികളുടെ മുത്തച്ഛന്‍മാരും മുത്തശിമാരും സ്‌നേഹിക്കപ്പെടുന്ന ഓര്‍മ്മകളുടെ കൊണ്ടാട്ടം ആകണം ഗ്രാന്‍ഡ് പാരന്‍സ് ദിനം.
മുത്തശിയും മുത്തച്ഛനും വീട്ടിലുണ്ടെങ്കില്‍ അവര്‍ ഉറങ്ങുകയാണെങ്കിലും വീട് ഉണര്‍ന്നിരിക്കും. ഏതു ഉറക്കത്തിലും കുഞ്ഞുങ്ങളുടെ ഓരോ നിലവിളിയും ഞരക്കം പോലും അവരെ തൊട്ടുണര്‍ത്തും. ഇതിന്റെ കലകളില്‍ വാര്‍ധക്യ ദുരിതം മറക്കുന്ന അവരെ സ്‌നേഹം അനുഭവിപ്പിക്കാന്‍ ഇന്നത്തെ മാതാപിതാക്കളും മക്കളും മനസിരുത്തി ശ്രദ്ധിക്കണം. മാതാപിതാക്കളോടുള്ള സ്‌നേഹം ഉള്ളിലൊളിപ്പിക്കാനുള്ളതല്ല. എന്നും പ്രകടിപ്പിക്കാനുള്ളതാണ്. കാരണം പ്രകടിപ്പിക്കാത്ത സ്‌നേഹം, ഇല്ലാത്ത സ്‌നേഹത്തിന് തുല്യമാണ്.
ഇന്നത്തെ അണുകുടുംബ സംസ്‌കാരത്തില്‍ മക്കള്‍ അവരുടെ ലോകത്തിന്റെ അതിര്‍ത്തി മതിലുകളായി കാണുന്നത് സ്വന്തം മാതാപിതാക്കളെയാണ്. പപ്പ മമ്മി ഞാന്‍! ചില വീടുകളില്‍ എന്റെ സഹോദരന്‍, സഹോദരി. ഇതിനപ്പുറത്ത് ലോകം ഉള്ളവര്‍ ഇന്നു കുറയുകയാണ്. എന്നാല്‍ അച്ഛനും അമ്മയ്ക്കും അപ്പുറം മനുഷ്യബന്ധങ്ങളുടെ സ്‌നേഹവാത്സല്യങ്ങളുടെ ഒരു വലിയ ലോകം ഉണ്ടെന്നും ആ വാത്സല്യ ലോകത്തിന്റെ സ്‌നേഹവാതിലാണ് മുത്തച്ഛനും മുത്തശിയും എന്നും അവരില്ലായിരുന്നെങ്കില്‍ എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ ഉണ്ടാകില്ലായിരുന്നുവെന്നും അതിനാല്‍ എന്റെ സമസ്ത നന്മകള്‍ക്കും ഞാന്‍ എന്റെ മുത്തച്ഛനോടും മുത്തശിയോടും കട പെട്ടിട്ടുണ്ടെന്നുമുള്ള സത്യത്തിന്റെ ആഘോഷമാണ് ഗ്രാന്‍ഡ് പേരന്‍സ് ദിനം. ഈ ദിനം വര്‍ഷത്തില്‍ എല്ലാ ദിവസവും ആഘോഷിക്കാന്‍ ഈ സുദിനത്തില്‍ നമുക്ക് തീരുമാനമെടുക്കാം. മുത്തച്ഛനോടും മുത്തശിോടയും ഒരു സ്‌നേഹവാക്കെങ്കിലും പറയാതെ ഒരു ദിവസവും ഉറങ്ങില്ല എന്ന് പ്രതിജ്ഞ ചെയ്യാം.
നമ്മെ സ്‌നേഹം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും വിരുന്നൂട്ടിയ അവര്‍ പരിചരണത്തിന്റെ പട്ടിണിക്കയ്പു നുണയുന്നുണ്ടോ എന്ന് തിരിച്ചറിയാം. എന്റെയും എന്റെ മാതാപിതാക്കളുടെയും യഥാര്‍ത്ഥ മുതലാളിമാരായ എന്റെ മുത്തച്ഛനും മുത്തശിയും എല്ലാ വിധത്തിലും സംതൃപ്തരാണെന്നും ഉറപ്പു വരുത്താം. ഇനിയും നമ്മെ മടിയിലിരുത്താന്‍ മടിയില്ലാത്തവരുടെ മടിയിലേക്ക് ഓടിയണയാം...
ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.
ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.