നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നാളെ വിചാരണ കോടതിയില്‍ ഹാജരാകണം

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നാളെ വിചാരണ കോടതിയില്‍ ഹാജരാകണം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ നാളെ വിചാരണ കോടതിയില്‍ ഹാജരാകും. കേസില്‍ ആറു പ്രതികളാണുള്ളത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.

കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്‍. രേഖയാണ് കേസ് പരിഗണിക്കുന്നത്. നിയമസഭാ കയ്യാങ്കളിക്കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കല്‍.

നേരത്തെ, ആറു പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും ഹാജരായില്ല. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തു.

2015 മാര്‍ച്ച് 13 നായിരുന്നു നിയമ സഭയില്‍ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാര്‍ക്കോഴ കേസില്‍ പെട്ടതിന് പിന്നാലെ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്.

തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്കും സഭയിലെ വസ്തുവകകള്‍ തല്ലിത്തകര്‍ക്കുന്നതിലേക്കും എത്തി. തുടര്‍ന്ന് പോലീസ് കേസ് എടുത്തു. 2,17,000 രൂപയുടെ നഷ്ടം നിയമ സഭയ്ക്ക് സംഭവിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചു. എന്നാല്‍ മൂന്നിടത്തു നിന്നും തിരിച്ചടിയുണ്ടായി. വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ കേസിലെ ആറു പ്രതികളും സ്വന്തം നിലയ്ക്ക് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. എന്നാല്‍ വിചാരണ കോടതി ഇത് തള്ളി.

പിന്നീട് ഇവര്‍ വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവിടെയും ഹര്‍ജി തള്ളി. പ്രതികളുടെ സ്വന്തം നിലയ്ക്കുള്ള വിടുതല്‍ ഹര്‍ജികള്‍ കൂടി തള്ളിയ പശ്ചാത്തലത്തിലാണ് വിചാരണ കോടതി പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയത്.

പല തിയതികള്‍ നല്‍കിയെങ്കിലും പ്രതികള്‍ ആരും ഹാജരായില്ല. ഇതോടെയാണ് വിചാരണകോടതി കര്‍ശന നിലപാട് സ്വീകരിച്ചതും നാളെ ഹാജരാകാന്‍ നിര്‍ദേശിച്ചതും. മന്ത്രിസഭാംഗമായ വി. ശിവന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിചാരണ നടപടികള്‍ ഏറെ നിര്‍ണായകമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.