ഗ്രൂപ്പുകള്‍ വെടി നിര്‍ത്തി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായം; കെ.സുധാകരന്‍ പ്രസിഡന്റായി തുടരും

ഗ്രൂപ്പുകള്‍ വെടി നിര്‍ത്തി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായം; കെ.സുധാകരന്‍ പ്രസിഡന്റായി തുടരും

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പില്‍ ഭിന്നത മറന്ന് ഗ്രൂപ്പുകള്‍ പരസ്പര ധാരണയിലെത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായം. കെ.സുധാകരന്‍ പ്രസിഡന്റായി തുടരും.


ഗ്രൂപ്പ് നോമിനികളെ ചേര്‍ത്ത് അംഗത്വ പട്ടിക പുതുക്കിയെങ്കിലും പരാതി ഒഴിവാക്കാന്‍ ലിസ്റ്റ് ഔദ്യോഗികമായി പുറത്തു വിട്ടില്ല. ആദ്യം നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചതോടെയാണ് എ-ഐ ഗ്രൂപ്പുകളുമായി അതിവേഗം കെ.സുധാകരനും വി.ഡി സതീശനും സമവായത്തിലെത്തിയത്.

ഗ്രൂപ്പല്ല മാനദണ്ഡം എന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും പുതുതായി പട്ടികയില്‍ ചേര്‍ത്തത് ഗ്രൂപ്പ് നോമിനികളെ തന്നെയാണ്. എ-ഐ ഗ്രൂപ്പുകളും കെ.സി വേണുഗോപാല്‍ പക്ഷവും പല ജില്ലകളിലും ശരിക്കും നടത്തിയത് ധാരണ അനുസരിച്ചുള്ള വീതം വയ്പാണ്. ഇതോടെ പുതുക്കിയ പട്ടികയ്‌ക്കെതിരായ പരാതികളും അവസാനിക്കുകയും എഐസിസിയുടെ അനുമതി ലഭിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൂടി നടക്കുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി ഒഴിവാക്കാന്‍ നേതൃത്വം തന്ത്രപരമായി പട്ടിക പുറത്ത് വിട്ടില്ല. അംഗങ്ങളെ വ്യക്തിപരമായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു. സമവായമാണ് എല്ലായിടത്തുമെങ്കിലും ചെറിയ ചില പരാതികള്‍ പല ജില്ലകളിലും നേതാക്കള്‍ക്കുണ്ട്. പക്ഷെ നേതൃത്വം ഐക്യ സന്ദേശം നല്‍കിയതോടെ പതിവ് വിമര്‍ശനം പലരും ഉള്ളിലൊതുക്കി.


285 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയില്‍ 77 പേരാണ് പുതുമുഖങ്ങള്‍. നാളെ ചേരുന്ന ജനറല്‍ ബോഡി യോഗം പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസാക്കും. പിന്നാലെ സുധാകരന്‍ തുടരുമെന്ന പ്രഖ്യാപനം ഹൈക്കാന്‍ഡില്‍ നിന്നുമുണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.