ബെംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) ക്രിസ്ത്യൻ സംഘടനകൾ നിയമ നടപടിയ്ക്കൊരുങ്ങുന്നു. ഏത് മതവും സ്വീകരിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യൻ സമുദായത്തിന് ആശങ്കയുണ്ടാക്കുന്നതാണിതെന്നും സമുദായ നേതാക്കൾ പറയുന്നു.
മതംമാറ്റ നിരോധന നിയമം കർണാടകയിലെ എല്ലാ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ലൂർ ആർച്ച്ഡയോസിസ് പി.ആർ.ഒയും വക്താവുമായ ജെ.എ. കാന്ത്രാജ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ സമുദായം ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങൾ കണക്കിലെടുക്കാതെ അവരെ ചതിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ ക്രൂരവും വേദനജനകവുമാണ്. നിയമത്തിന്റെ സ്വഭാവം തന്നെ അത്തരത്തിലുള്ളതാണെന്നും കാന്ത്രാജ് പറഞ്ഞു.
ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് പടരുന്ന വർഗീയ അസഹിഷ്ണുതക്ക് പിൻബലം നൽകുന്നതാണ് പുതിയ നിയമമെന്നാണ് ആരോപണം.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും നേരത്തേ സമാന നിയമം പാസാക്കിയിരുന്നു. നിയമത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടക മേഖല കാത്തലിക് ബിഷപ്സ് കൗൺസിൽ അധ്യക്ഷനും ബംഗളൂരു ആർച് ബിഷപ്പുമായ പീറ്റർ മച്ചാഡോ പറഞ്ഞു. ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകൾ നടത്തും. കർണാടകയിലെ എല്ലാ ബിഷപ്പുമാരും ക്രിസ്ത്യൻ നേതാക്കളും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് നാട് ദുരിതത്തിലാകുമ്പോൾ അത് മറക്കാനുള്ള ചെപ്പടി വിദ്യകളാണ് സർക്കാർ മതംമാറ്റനിരോധനിയമത്തിലൂടെ പ്രയോഗിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാണ് നിയമമെന്നാണ് പ്രധാന വിമർശനമുയരുന്നത്. മതപരിവർത്തന നിരോധന ബില്ലിനെതിരെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കർണാടക ഹൈകോടതിയിൽ നേരത്തേ തന്നെ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ 23നാണ് സംസ്ഥാനസർക്കാർ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവന്നത്. ബിൽ ഇന്ത്യൻ ഭരണഘടനക്കും മതേതര തത്ത്വങ്ങൾക്കും എതിരാണെന്നാണ് ഹർജിയിൽ പറയുന്നത്. ബില്ലിലെ വ്യവസ്ഥകൾ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്നതുമാണെന്നും ഹർജിയിൽ പറയുന്നുണ്ട്. സെപ്റ്റംബർ 15ന് ചേർന്ന നിയമനിർമാണ കൗൺസിലാണ് നിയമം പാസാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.