യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജവംശങ്ങളെല്ലാം ലണ്ടനില്‍: പ്രമുഖ ലോക നേതാക്കളും എത്തി; കനത്ത സുരക്ഷയില്‍ രാജ്യം

യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജവംശങ്ങളെല്ലാം ലണ്ടനില്‍: പ്രമുഖ ലോക നേതാക്കളും എത്തി;  കനത്ത സുരക്ഷയില്‍ രാജ്യം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാന്‍ യൂറോപ്പിലെയും മധ്യേഷ്യയിലെയും വിവിധ രാജകുടുംബാംഗങ്ങളെല്ലാം ലണ്ടനിലെത്തി. കൂടാതെ നിരവധി രാഷ്ട്ര തലവന്‍മാരും സംസ്‌കാരച്ചടങ്ങിനെത്തിയിട്ടുണ്ട്.

സംസ്‌കാരച്ചടങ്ങുകളില്‍ രാജകുടുംബം പൊതുവെ പങ്കെടുക്കാറില്ലെന്ന പതിവു ശീലം മാറ്റിവെച്ച് ജപ്പാന്‍ ചക്രവര്‍ത്തി നരൂഹിതോയും ചക്രവര്‍ത്തിനി മസാക്കോയും ലണ്ടനിലുണ്ട്. നോര്‍വേയിലെ ഹരോള്‍ഡ് അഞ്ചാമന്‍ രാജാവ്, മൊണോക്കോയിലെ ആല്‍ബെര്‍ട്ട് രണ്ടാമന്‍ രാജാവ്. ഡച്ച് രാജാവ് വില്യം അലക്സാണ്ടര്‍, സ്വീഡന്റെ കാള്‍ പതിനാറാമന്‍ രാജാവ്, ബെല്‍ജിയന്‍ രാജാവ് ഫിലിപ്പ്, സ്പാനിഷ് രാജാവ് ഫെലിപ്പെ ആറാമന്‍, എലിസബത്ത് രാജ്ഞിയുടെ ബന്ധു കൂടിയായ ഡെന്‍മാര്‍ക്ക് രാജ്ഞി മാര്‍ഗരെറ്റ് സെക്കന്‍ഡ് തുടങ്ങി യൂറോപ്പിലെ വിവിധ രാജവംശങ്ങളാണ് ലണ്ടനില്‍ സമ്മേളിച്ചിട്ടുളളത്.

രാജ നേതൃത്വങ്ങളെ കൂടാതെ വിവിധ ജനാധിപത്യ സര്‍ക്കാരുകളുടെ തലവന്‍മാരും ലണ്ടനിലെത്തി. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സോനാരോ, ഇറ്റലിയുടെ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല, ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മീര്‍, ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍സോഗ്, ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സുക് ഇയോള്‍, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ തുടങ്ങിയവരും എത്തി.


കോമന്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ ഭരണകര്‍ത്താക്കളായ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനേസ്, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീക്ക ആര്‍ഡെന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഫിജിയന്‍ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ തുടങ്ങിയവരുമുണ്ട്.

വൈസ് പ്രസിഡന്റ് വാങ് ക്വിഷാനാണ് ചൈനയെ പ്രതിനിധീകരിക്കുന്നത്. ബ്രെക്സിറ്റ് വേര്‍പിരിയല്‍ നിലനില്‍ക്കുമ്പോഴും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍സ് മൈക്കലും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും.

2011 ലെ അയര്‍ലന്‍ഡ് സന്ദര്‍ശത്തോടെ ദശാബ്ദങ്ങളുടെ മുറിവുകള്‍ക്ക് സാന്ത്വനമേറിയ രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനെത്തും. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കും ബെലാറസും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണം ഇല്ല. നടപടി നിന്ദ്യമായി പോയെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചിട്ടുമുണ്ട്. ഇറാന്‍, നിക്കരാഗ്വെ, വടക്കന്‍ കൊറിയ, മ്യാന്‍മാര്‍, സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിട്ടില്ല.

വിദേശ രാഷ്ട്ര തലവന്‍മാരുടെ സാന്നിധ്യം കണക്കിലെടുത്ത് ബ്രിട്ടണ്‍ ഇതുവരെ കാണാത്ത തരത്തിലുള്ള സുരക്ഷാ സംവിധാനമാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.