കോട്ടയം: ബലപ്രയോഗം നടത്തിയാണ് സഭയിൽ ആരാധനക്രമം തീരുമാനിക്കേണ്ടതെന്നത് സാർവത്രിക സഭയ്ക്ക് കേരളത്തിൽനിന്നുള്ള പാഠമായിരിക്കുമെന്ന് സീറോ മലബാർ സഭയിലെ ഏകീകൃത കുർബ്ബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനും സീറോ മലബാർ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മറ്റി അംഗവുമായ മാർ തോമസ് തറയിൽ ഫേസ്‌ബുക്കിൽ കുറിച്ചു.
സമീപകാലത്ത് എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് നടന്ന അതിരുകടന്ന പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. "മെത്രാന്മാരെ ഭീഷണിപ്പെടുത്തുക, അവരുടെ വാസസ്ഥാനങ്ങളിൽ രാത്രിപാതിരാക്ക് സത്യാഗ്രഹം നടത്തുക, അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ അവരെ ഒറ്റപ്പെടുത്തുക, മാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തി ഏകപക്ഷീയമായ വാർത്തകൾ നൽകുക, മെത്രാൻ സഹികെട്ടു അവർ പറയുന്നതുപോലെ ചെയ്താൽ അദ്ദേഹത്തെ മഹത്വവൽക്കരിക്കുക - മനസാക്ഷിയുള്ളവർ ചെയ്യുന്ന പ്രവൃത്തികൾ ഒന്നുമല്ല ഇവയൊന്നും.”
ഒരു സഭയുടെ ആരാധനക്രമം എന്നത് പാരമ്പര്യമായി ലഭിക്കുന്നതാണ്. സാർവത്രിക സഭയിൽ ഒരിടത്തും ജനങ്ങളോട് ചോദിച്ചിട്ടല്ല ആരാധനക്രമം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ മാറ്റം വരുത്താൻ മെത്രാനുപോലും അധികാരമില്ല എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്.
“ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ നടപ്പാക്കിയപ്പോൾ ജനങ്ങളോട് അഭിപ്രായം ചോദിച്ചായിരുന്നോ? ഭാരതപൂജ ചിലയിടങ്ങളിൽ തുടങ്ങിയപ്പോൾ ആരോടെങ്കിലും അഭിപ്രായം ചോദിച്ചായിരുന്നോ? ഇല്ല. അപ്പോൾ പിന്നെ ഞങ്ങൾ പറയുന്ന പോലെ നിങ്ങൾ കുർബാന ചൊല്ലണം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതെന്തിനാണ്? ഞങ്ങളുടെ പ്രാദേശിക ദുരഭിമാനം വിജയിക്കണം, അത്ര മാത്രം.” ജനങ്ങളുടെ അഭിപ്രായമനുസരിച്ച് കുർബ്ബാന ക്രമത്തിൽ മാറ്റം വരുത്തണം എന്ന വിമത വാദഗതികൾക്ക് മറുപടിയായിട്ടാണ് മാർ തോമസ് തറയിൽ ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.
ആനുകാലിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ അറിയിക്കുന്ന മാർ തോമസ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.