ഓര്‍ക്കാനാവാത്ത മറവികള്‍

ഓര്‍ക്കാനാവാത്ത മറവികള്‍

തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ നാമാരും മറന്നിട്ടുണ്ടാവില്ല. മനസില്‍ നിന്നും മനസ് പറിഞ്ഞുപോയ പോലെ, തന്റെ ജീവതത്തില്‍ എന്താണു സംഭവിക്കുന്നത് എന്നു തിരിച്ചറിയാത്ത ഒരു ശ്ലഥിതജന്മമായി ആ കഥാപാത്രം പ്രേക്ഷകരില്‍ വേദനിപ്പിക്കുന്ന ഒരു ഓര്‍മയായി ഇന്നും ജീവിക്കുന്നു. എന്തെങ്കിലും മറക്കുന്നവരോട് നിനക്ക് തന്മാത്ര പിടിച്ചോ എന്നു ചോദിക്കുന്ന ഒരു ശൈലി പോലും നമ്മുടെയിടയില്‍ വളര്‍ന്നിട്ടുണ്ട്.

തന്മാത്രയിലെ ആ കഥാപാത്രത്തിന് വന്ന രോഗത്തിന് തന്മാത്ര എന്നല്ല പറയുന്നത്, അള്‍സ്ഹൈമേഴ്‌സ് എന്നാണ്. സെപ്റ്റംബര്‍ 21ന് ലോകം അള്‍സ്ഹൈമേഴ്സ് ദിനം ആചരിച്ചക്കുമ്പോള്‍ 2050ടെ ലോകത്തില്‍ എണ്‍പത്തഞ്ചില്‍ ഒരാള്‍ക്ക് പിടിപെടുമെന്ന് വൈദ്യശാസ്ത്രം പ്രവചിക്കുന്ന ഈ മാരക രോഗത്തെപ്പറ്റി നമ്മള്‍ ചില അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്.

പിടിപെട്ടാല്‍ ഒരിക്കലും ഭേദമാകാത്ത വിനാശകാരിയാണ് അള്‍സ്ഹൈമേഴ്‌സ് രോഗം. 1906ല്‍ ഈ രോഗം കണ്ടുപിടിച്ചത് ജര്‍മന്‍ മനശാസ്ത്രജ്ഞനും ന്യൂറോപതോളജിസ്റ്റുമായ അലോയിസ് അള്‍സ്ഹൈമറാണ്. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. 65 വയസിനു മേല്‍ പ്രായമുള്ളവരിലാണ് ഈ രോഗം പ്രധാനമായും കണ്ടു വരുന്നത്. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവില്ലായ്മയാണ് പ്രധാന ലക്ഷണം. പുതിയ അനുഭവങ്ങള്‍ ഓര്‍മിക്കാനുള്ള കഴിവില്ലായ്മയാണ് ഏറ്റവും പ്രകടമായ ലക്ഷണം.

ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട്, തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച്, എല്ലാറ്റിലും സംഭവിക്കുന്ന ആശയക്കുപ്പം വളര്‍ന്ന്, അക്രമസ്വഭാവം കൂടി, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ച് ഈ രോഗബാധിതര്‍ മരണം പുല്‍കുന്നു.
എപ്പോഴാണ് ഈ രോഗം ഒരു വ്യക്തിയില്‍ തുടങ്ങുന്നതെന്ന് കണ്ടുപിടിക്കാനാവില്ല. പടര്‍ന്നുപന്തലിച്ചു കഴിയുമ്പോള്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഇതിനാല്‍ തന്നെ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയും ലഭ്യമല്ല. രോഗം വരുന്ന വ്യക്തിയുടെ മാത്രം ജീവിതമല്ല, ആ കുടുംബത്തിന്റെ തന്നെ ജീവിതത്തിന്റെ താളം തെറ്റുകയാണ്. കാരണം ഏറ്റവും ശ്രദ്ധ ആവശ്യമുള്ള ഒരു രോഗീപരിചരണമാണ് ഈ രോഗികള്‍ക്കു വേണ്ടത്.

ഈ രോഗത്തിന്റെ വളര്‍ച്ചയെ നാലു ഘട്ടങ്ങളിലായി തിരിച്ചിരിക്കുന്നു. 1. പ്രി ഡിമന്‍ഷ്യ 2. ഏര്‍ളി ഡിമന്‍ഷ്യ 3. മോഡറേറ്റ് ഡിമന്‍ഷ്യ 4. അഡ്വാന്‍സ്ഡ് ഡിമന്‍ഷ്യ. വിവിധ ഘട്ടങ്ങളിലുള്ള രോഗികള്‍ക്ക് വ്യത്യസ്തമായ പരിചരണ രീതികള്‍ ആവശ്യമുണ്ട്. ഒരു വ്യക്തിയുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് അപമൃത്യു സംഭവിക്കാതിരിക്കുക എന്ന പ്രതീക്ഷയാണ് ഈ രോഗികള്‍ പ്രാര്‍ത്ഥനയാക്കുന്നത്.
വാര്‍ധക്യം ബാധിച്ചവരില്‍ മാത്രം കാണുന്ന ഈ രോഗം ഇന്ന് അകാലവാര്‍ധക്യം ബാധിക്കുന്ന യുവാക്കളിലും കുട്ടികളിലും വേഗം പടരുന്നുണ്ട്. എന്താണു കാരണം? ഇന്ന് ടിവിയുടെയും കാപ്യൂട്ടറിന്റെയും ഉപയോഗം മൂലം പല കുട്ടികളുടെയും തലച്ചോറിന് ഒരു പണിയുമില്ലാതായിരിക്കുന്നു.

തനിച്ച് ഒരു തീരുമാനമെടുക്കാന്‍ കഴിവില്ലാതെ തലച്ചോറിന്റെ കോശങ്ങളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെട്ട് എപ്പോഴും സിനിമയും ടിവിയും കംപ്യൂട്ടര്‍ ഗെയിംസും മാത്രം വിനോദോപാധികളാക്കുന്നവര്‍ക്ക് ഈ രോഗം തൊട്ടടുത്തുണ്ട്. ബുദ്ധിക്കു വ്യായാമം നല്‍കുന്ന ചെസ് പോലുള്ള കളികള്‍, സാമുഹിക സമ്പര്‍ക്കം, ഭക്ഷണ്രക്രമം, കൃത്യമായ മരുന്ന് എന്നിവയിലൂടെ മറവിരോഗത്തെ ഒട്ടൊക്കെ ചെറുക്കാന്‍ നമുക്ക് കഴിയും.

നമ്മുടെ പരിചയത്തിലും നിരവധി അള്‍സ്‌ഹൈമേഴ്‌സ് രോഗികളുണ്ടായേക്കാം. ഇവരെ നമുക്ക് കരുണയും കരുതലുംകൊണ്ട് പൊതിയാം. ബാല്യത്തില്‍ നമ്മുടെ ബുദ്ധിക്ക് ആവശ്യ മായവ്യായാമം നല്‍കാന്‍ ശ്രമിക്കാം. എന്താണ് മറക്കുന്നതെന്ന് ഓര്‍ക്കാനാവാത്ത ഈ ദുരന്തം സ്വന്തം ജീവിതത്തിലേക്ക് വിളിച്ചു വരുത്താതിരിക്കാം.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.