കണ്ണൂര്‍ വിസി: ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് കേസിന് സാധ്യത

കണ്ണൂര്‍ വിസി: ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് കേസിന് സാധ്യത

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ അനധികൃതമായി ഇടപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് കേസിനു സാധ്യത. നാട്ടുകാരനായ ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വൈസ്ചാൻസലറായി പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും ആരോപിച്ചു തലസ്ഥാനത്തെ ഒരു സംഘടനയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജിനൽകാൻ ഒരുങ്ങുന്നത്. വെളിപ്പെടുത്തൽ നടത്തിയത് ഗവർണർ തന്നെ ആയതിനാൽ കേസ് എടുക്കാനുള്ള നിർദ്ദേശമാകും കോടതി വിജിലൻസിന് നൽകുക.

ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന ആവശ്യവുമായി 2021 ഡിസംബർ എട്ടിനും 16നും മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളും പ്രധാന തെളിവുകളാക്കിയാണ് ഹർജി.

"സ്വന്തം ജില്ലക്കാരനായ വിസിക്ക് പുനർനിയമനം നൽകണമെന്ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവായതിനാൽ അഭിപ്രായത്തിന് വെയ്റ്റേജ് നൽകാമെന്നറിയിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സമ്മർദ്ദം തുടങ്ങി. സെർച്ച്കമ്മിറ്റി റദ്ദാക്കാൻ മന്ത്രി ബിന്ദുവും കത്തെഴുതി. എജിയുടെ നിയമോപദേശം കാട്ടി തന്നെ സമ്മർദ്ദത്തിലാക്കി. പുനർനിയമനം നടത്തിയത് ഞാൻ ചെയ്ത തെറ്റാണ്''. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേസിന് അനുമതി നൽകിയാൽ മുഖ്യമന്ത്രിക്ക് സ്വന്തം വകുപ്പിന്റെ കീഴിലുള്ള വിജിലൻസിന്റെ അന്വേഷണം നേരിടേണ്ടിവരും. 2011ൽ പാമോയിൽ കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന കോടതി ഉത്തരവോടെ ഉമ്മൻചാണ്ടി ആഭ്യന്തരം ഒഴിഞ്ഞിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.