കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അവസാന നീക്കം; വിഭജിച്ച് നാല് സ്വതന്ത്ര സ്ഥാപനങ്ങളാക്കും

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അവസാന നീക്കം; വിഭജിച്ച് നാല് സ്വതന്ത്ര സ്ഥാപനങ്ങളാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അവസാന നീക്കവുമായി സര്‍ക്കാര്‍. ഇതിനായി നാലു സ്വതന്ത്ര സ്ഥാപനമായി കോര്‍പറേഷനെ വിഭജിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതല്‍ വരുമാനത്തിനും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

ഇതോടെ വിവിധ ജില്ലകളിലെ സര്‍വീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുക. നാലാമത്തേത് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാകും. ഇതിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നല്‍കും. ജീവനക്കാരെ പുനര്‍വിന്യസിക്കും.

സ്വതന്ത്ര സ്ഥാപനം കോര്‍പറേഷന്‍ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നത് ഉള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആസൂത്രണ ബോര്‍ഡ് അംഗം വി നമശിവായത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം.

കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതി പഠിക്കും. സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്മെന്റ് രീതി തുടങ്ങിയവയും പഠന വിധേയമാക്കും. കര്‍ണാടകയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകമായാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. രണ്ടു രീതിയില്‍ നടത്തുന്ന കെഎസ്ആര്‍ടിസി ലാഭകരമായാണ് പോകുന്നത്. ഇതെങ്ങനെയാണെന്നാകും സമിതി പഠിക്കുക. കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതി നിര്‍ദേശിച്ചേക്കും.

കര്‍ണാടക ആര്‍ടിസി മോഡല്‍ നടപ്പിലാക്കും മുമ്പ് അത് തൊഴിലാളികളെ കൂടി ബോധ്യപ്പെടുത്താന്‍ ഉന്നതലതല സംഘടത്തില്‍ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. കര്‍ണാടകത്തില്‍ പൊതുഗതാഗത രംഗത്ത് നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങള്‍, ഡ്യൂട്ടി രീതികള്‍ തുടങ്ങിയവ പഠിക്കുന്നതിന് മാനേജ്‌മെന്റ് രൂപീകരിച്ച ഉന്നതതല സംഘത്തില്‍ അംഗീകൃത തൊഴിലാളി സംഘടനകളിലെ രണ്ട് പ്രതിനിധികളെ വീതമാണ് ഉള്‍പ്പെടുത്തുക. ഇതു സംബന്ധിച്ച കത്ത് മാനേജ്‌മെന്റ് തൊഴിലാളി സംഘടനകള്‍ക്ക് കൈമാറിയിട്ടുണ്ട്.

നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൊണ്ടാണ് ശമ്പള വിതരണം ഉള്‍പ്പെടെ നടത്താനാകുന്നത്. ശമ്പള വിതരണം വൈകുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ അടിയന്തരമായി ഫണ്ട് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടു മാസത്തെ ശമ്പളം നല്‍കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.