ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറക്കി. ഒക്ടോബര്‍ 17 നാണ് തിരഞ്ഞെടുപ്പ്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയാണ് വിജ്ഞാപനമിറക്കിയത്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
ഒക്ടോബര്‍ ഒന്നിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. ഒക്ടോബര്‍ എട്ടിനാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി. ഒന്നില്‍ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17 ന് തെരഞ്ഞെടുപ്പ് നടത്തും. 19 നാണ് വോട്ടെണ്ണല്‍. എഐസിസി ആസ്ഥാനത്ത് നിന്നാണ് നാമനിര്‍ദേശ പത്രികകള്‍ ലഭിക്കുക.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, തിരുവനന്തപുരം എംപി ശശി തരൂര്‍, മുതിര്‍ന്ന നേതാവ് മനീഷ് തിവാരി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ദിഗ് വിജയ് സിങും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശക പത്രികകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 1997ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും തോല്‍പ്പിച്ച് സീതാറാം കേസരി പ്രസിഡന്റായിരുന്നു. 2000 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദയെ സോണിയ ഗാന്ധി തോല്‍പ്പിച്ചു.
പാര്‍ട്ടി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവി വഹിച്ച സോണിയ ഗാന്ധിക്ക് പകരം ആളെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1998 മുതല്‍ 2017 വരെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു സോണിയ. 2017 മുതല്‍ 2019 വരെ രാഹുല്‍ ഗാന്ധി പ്രസിഡന്റായി. 2019 ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക പ്രസിഡന്റായി സോണിയ വീണ്ടും സ്ഥാനമേല്‍ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.