പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര നീക്കത്തിന് ഇടങ്കോലിട്ട് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര നീക്കത്തിന് ഇടങ്കോലിട്ട് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ഇടങ്കോലിട്ട് പിണറായി സര്‍ക്കാര്‍. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മലുള്ള അന്തര്‍ധാരയാണ് സര്‍ക്കാര്‍ നിലപാടിനു പിന്നില്‍.

മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യൂവിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടു പോലും സംഘടനയെ നിരോധിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും അനുകൂലിച്ചിരുന്നില്ല. അഭിമന്യൂ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചിരുന്നു.

ഭീകര ബന്ധം, കള്ളപ്പണ ഇടപാട്, വര്‍ഗീയ കലാപത്തിന് ശ്രമം, ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നീക്കം നടത്തുന്നത്.

ഉത്തര്‍പ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങള്‍ നിരോധനം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു നേതാക്കള്‍ക്കെതിരെ ഭീകരാക്രമണത്തിന് എത്തിയ പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്ഫോടക വസ്തുക്കളുമായി യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടക്കമുള്ള ഭീകര സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നും സംഘടനയിലെ ചിലര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നുമാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. ബാംഗ്ലൂര്‍ സ്ഫോടനം, കൈവെട്ട്, ലൗ ജിഹാദ് എന്നിവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് എന്‍.ഐ.എ പറയുന്നു.

സംസ്ഥാനത്ത് 31 കൊലക്കേസുകളില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2001 ല്‍ സിമിയെ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ്) നിരോധിച്ചതോടെയാണ് എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടും രൂപം കൊണ്ടതെന്നും സിമി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. അവരെ ഒറ്റപ്പെടുത്തണമെന്നും കുറ്റകൃത്യങ്ങള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കേന്ദ്ര നിലപാട്.

കര്‍ണാടകത്തിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എം.എല്‍.എയുമായ തന്‍വീര്‍ സേട്ടിനെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും പ്രതിയായ ഫര്‍ഹാന്‍ പാഷയ്ക്ക് പരിശീലനം നല്‍കിയത് കേരളത്തിലാണെന്നും കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് പരീശീലനം നടത്തിയതത്രേ. പോപ്പുലര്‍ ഫ്രണ്ടിനെയും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാന്‍ അന്ന് കര്‍ണാടക സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.