ഒട്ടാവ: കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവിടേക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം. വര്‍ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി. കാനഡയിലെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്.
ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ്. അനിഷ്ട സംഭവങ്ങളില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. കാനഡയിലുള്ള ഇന്ത്യക്കാര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറുടെ വെബ്‌സൈറ്റിലോ ടൊറന്റോയിലെയോ വാന്‍കൂവറിലെയോ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകും എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും കാര്യമായ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കണം എന്ന് ഇന്ത്യക്കാരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കാനഡയിലെ ഖാലിസ്ഥാന്‍ ജനഹിത പരിശോധനയ്ക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാനഡ പോലെ സൗഹൃദപരമായ ഒരു രാജ്യത്ത് രാഷ്ട്രീയ പ്രേരിതമായ ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ അനുമതി നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ് എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യ വിഷയം കനേഡിയന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കാനഡക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.