തിരുവനന്തപുരം: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളില്‍ ചിലരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറേ പേരെ ഇനിയും പിടികൂടാനുണ്ട്. അവര്‍ മുഖംമൂടി ധരിച്ചാണ് എത്തിയത്.
അത്തരം ആളുകളെയെല്ലാം പോലീസിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തും. ആ തരത്തിലുള്ള നടപടികള്‍ പോലീസിന് സ്വീകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത സംഘടിതമായ അക്രമോത്സുക നടപടികളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കുന്ന രീതിയിലാണ് ഇടപെടലുണ്ടായത്. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്തുള്ള ആക്രമണ രീതി സ്വീകരിച്ചു.
ഒരുപാട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഡോക്ടര്‍പോലും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വ്യാപകമായ അക്രമ സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. തീര്‍ത്തും അപലപനീയമായ നടപടികളാണിത്.
ഭൂരിപക്ഷ വര്‍ഗീയതയുടെ ഇരയാകുന്ന ന്യൂനപക്ഷത്തിന്റെ അമര്‍ഷത്തെ തെറ്റായ രീതിയില്‍ തിരിച്ചുവിടാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ ഭാഗമായിട്ടുള്ള ഒട്ടേറെ നീക്കങ്ങള്‍ പലയിടത്തും സംഭവിച്ചിട്ടുണ്ട്.
ഭൂരിപക്ഷ വര്‍ഗീയത നടത്തുന്ന ആക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ന്യൂനപക്ഷം പ്രത്യേകം സംഘടിച്ചതുകൊണ്ട് കഴിയില്ല. അത് ആത്മഹത്യാപരമായ നീക്കമാണ്. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് തടയാനാകില്ല. ഇതു രണ്ടും ഒരേപോലെ എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.