ടൊറന്റോ: കാനഡ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾ. 2025 ഓഗസ്റ്റു വരെ ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ 74 ശതമാനം നിരസിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരസിക്കൽ നിരക്ക് 32 ശതമാനം മാത്രമായിരുന്നു. അതേസമയം ആകെ അന്താരാഷ്ട്ര അപേക്ഷകളിൽ നിരസിക്കൽ നിരക്ക് ഏകദേശം 40 ശതമാനമാണ്.
ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട പഠനഗമ്യസ്ഥാനമായിരുന്ന കാനഡയുടെ ആകർഷണം ഇപ്പോൾ വ്യക്തമായി കുറഞ്ഞു വരികയാണ്. വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനുമായി കാനഡ കഴിഞ്ഞ രണ്ടു വർഷമായി വിസാനുമതികളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ്.
2025 ഓഗസ്റ്റിൽ കാനഡയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ 74 ശതമാനം നിരസിക്കപ്പെട്ടു. 1,550 അപേക്ഷകളിൽ തട്ടിപ്പുകൾ കണ്ടെത്തിയതായും അവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും കാനഡ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.
തട്ടിപ്പുകൾ തടയാൻ വെരിഫിക്കേഷൻ സംവിധാനം ശക്തമാക്കിയതായും അപേക്ഷകർ പാലിക്കേണ്ട സാമ്പത്തിക മാനദണ്ഡങ്ങൾ വർധിപ്പിച്ചതായും കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾക്കിടെയാണ് വിസ നിരസിക്കൽ നിരക്ക് വർധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.