കേപ് വെർദെ: അതിജീവനത്തിനായി വേശ്യാവൃത്തി എന്ന പൈശാചികതയിൽ കുടുങ്ങിപോയ സ്ത്രീകളെ മോചിപ്പിക്കാനുള്ള ദൗത്യം സധൈര്യം ഏറ്റെടുത്തതുകൊണ്ടുള്ള വിജയ പ്രയാണത്തിലാണ് സാവോ വിസെന്റെ ദ്വീപിലെ സിസ്‌റ്റേഴ്‌സ് അഡോറേഴ്‌സിലെ കന്യാസ്ത്രീകൾ. പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് കേപ് വെർദെയിലെ ദ്വീപസമൂഹത്തിൽ സാവോ വിസെന്റെ ദ്വീപിലെ നഗരമായ മിൻഡെലോയിൽ അഡോറേഴ്സ് കമ്മ്യൂണിറ്റി സ്ഥാപിച്ചത്.
ചൂഷണത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെ സഹായത്തിന് വേണ്ടിയുള്ള നിലവിളികളോട് നിസ്സംഗതപാലിക്കാൻ ഹൃദയം അനുവദിക്കാതിരുന്നതിനാലാണ് ദ്വീപിൽ പ്രവർത്തനം ആരംഭിച്ചതെന്ന് സിസ്റ്റർ സിമോണ പെരിനി പറയുന്നു. ഇറ്റാലികാരിയായ സിസ്റ്റർ സിമോണയും രണ്ട് സ്പാനിഷ് കന്യാസ്ത്രീകളുമാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദ്വീപിന്റെ പ്രാന്തപ്രദേശങ്ങളിൽ കുടിലുകളിൽ കടുത്ത ദാരിദ്യമാണ്. ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ നിന്ന് റീസൈക്കിൾ ചെയ്ത ലോഹം ഉപയോഗിച്ചാണ് ഇവർ കൂരകൾ കെട്ടിപൊക്കുന്നത്. ഇവിടെ വെളിച്ചമോ വെള്ളമോ ഗ്യാസോ ടോയ്‌ലറ്റുകളോ ഇല്ല. അവരിൽ പലരും അവിവാഹിതരായ അമ്മമാരാണെന്നും സിസ്റ്റർ സിമോണ പറയുന്നു. പങ്കാളികളുടെ ക്രൂരമായ പെരുമാറ്റവും അവരാൽ ഉപേക്ഷിക്കപ്പെടുന്നതും ഈ സ്ത്രീകളുടെ വിധിയാണ്.
കുടുംബത്തെ പോറ്റാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ പലരും വേശ്യാവൃത്തി സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. ഇത്തരത്തിൽ ചൂഷണത്തിന് ഇരകളായവർക്ക് അല്ലെങ്കിൽ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചവർക്ക് ഈ പാപത്തിന്റെ ഗൗരവം മനസിലാക്കി നൽകി മാന്യമായ ജീവിതം നയിക്കാൻ സഹായിക്കുക എന്നതാണ് അഡോറേഴ്സ് കമ്മ്യൂണിറ്റിയുടെ ലക്‌ഷ്യം.
സാവോ വിസെന്റെ ദ്വീപിൽ സിസ്‌റ്റേഴ്‌സ് അഡോറേഴ്‌സ് സ്ഥാപിതമായതോടെ കാലക്രമേണ ദ്വീപിലെ ദുർബലമായ സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രവും പുരോഗമനപരവുമായ അന്തരീക്ഷം നൽകികൊണ്ട് സന്യാസ സമൂഹം വികസിച്ചു. 2016-ൽ ക്രെഡിറ്റ നാ ബോ അഥവാ നിങ്ങളെ വിശ്വസിക്കൂ എന്ന സാമൂഹിക പരിപാടി അവർ ആരംഭിച്ചു. സ്ത്രീകളുടെ വിമോചനം, വ്യക്തിഗത പുരോഗതി, സ്ത്രീകളുടെ സാമൂഹികസുരക്ഷിതത്വവും ജോലിയും പുനഃസംയോജിപ്പിക്കുക, അതോടൊപ്പം അനീതിയുടെയും ക്രൂരതയുടെയും സാഹചര്യങ്ങളെ അപലപിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കേപ് വെർദിയൻ പ്രൊഫഷണലുകളുടെ ടീമിലേക്ക് ആക്‌സസ് ഉള്ള ഈ പരിപാടിയിൽ ലിസണിങ് സെന്ററുകൾ, ഡേ സെന്റർ സർവീസ്, ഒറ്റപ്പെടലിനും വേശ്യാവൃത്തിക്കും സാധ്യതയുള്ള കൗമാരക്കാരുമായുള്ള മാനസികവും സാമൂഹികവുമായ ഇടപെടൽ, അവബോധം വളർത്തൽ തുടങ്ങിയ മറ്റ് നിരവധി പദ്ധതികളും ഉണ്ട്. ലിസണിങ് സെന്റർ സാവോ വിസെന്റിലോ മറ്റ് ദ്വീപുകളിലോ താമസിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും വിദ്യാഭ്യാസപരവും മാനസികവും നിയമപരവുമായ പിന്തുണ നല്കുന്നതിനുള്ളതാണ്.
സാക്ഷരത നേടുന്നതിനും സ്വയം തൊഴിൽ അഭ്യസിക്കുന്നതിനുമായി കമ്പ്യൂട്ടർ, പാചകം, തയ്യൽ തുടങ്ങിയവയുടെ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും സ്ത്രീകൾക്ക് അവസരമുണ്ട്. കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്ന ചില കുടുംബങ്ങൾക്ക് ഓരോ മാസവും ഭക്ഷണപ്പൊതിയും വിതരണം ചെയ്യുന്നുണ്ടെന്നും സിസ്റ്റർ സിമോണ വിശദീകരിക്കുന്നു.
വേശ്യാവൃത്തിയുടെ മാർഗം സ്വീകരിച്ചവരുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുക, സ്വതന്ത്രവും മാന്യവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് ഡേ സെന്ററിന്റെ ലക്ഷ്യം. തങ്ങളെ സമീപിക്കുന്ന സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെ മനസിലാക്കുന്നതും അവരുടെ കുടുംബപശ്ചാത്തലത്തിന്റെ യാഥാർത്ഥ്യം അറിയുകയും ചെയ്യുന്നത് അത്യാവശ്യവുമെന്നും സിസ്റ്റർ സിമോണ പറയുന്നു.
ഇതിനായി പ്രതിവാര ഭവന സന്ദർശനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അങ്ങനെ ഭവന സന്ദർശനം നടത്തുന്ന സഹോദരിമാരും അവരോടൊപ്പം പോകുന്നവരും കുടുംബവുമായും അവരുടെ അയൽപക്കക്കാരുമായും സൗഹാർദപരമായി സമയം ചിലവഴിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വേശ്യാവൃത്തിയുടെ വലയിൽ അകപ്പെടാൻ സാധ്യതയുള്ള പാർശ്വവൽക്കരിക്കപ്പെട്ട കൗമാരക്കാർക്ക് മുന്നോട്ട് എന്ത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് നിലവിൽ 185 സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്ന ഈ പരിപാടി ഉരുത്തിരിഞ്ഞു വന്നതെന്നും അവർ വ്യക്തമാക്കുന്നു.
സ്ത്രീകൾക്കായി വേണ്ടി മാത്രമുള്ള ഈ പരിപാടിയിൽ അവർക്ക് വേണ്ട ആവശ്യമായ കഴിവുകൾ നേടാനുള്ള അവസരമുണ്ട്. സ്കൂളുകളുടെ പിന്തുണ, മൂല്യധിഷ്ഠിതമായ അറിവുകൾ, മാനസിക പിന്തുണ, വിദ്യാഭ്യാസം, നിയമപരമായ പിന്തുണ എന്നിവയ്‌ക്കെല്ലാം ഇവർ സൗകര്യം ഒരുക്കുന്നു. മറ്റൊരു പ്രധാന ലക്ഷ്യം മനുഷ്യക്കടത്തും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് കേപ് വെർദിയൻ സമൂഹത്തിൽ അവബോധം വളർത്തുക എന്നുള്ളതാണ്.
ചൂഷണങ്ങൾക്ക് ഇരകളാക്കപ്പെട്ടവർക്കുള്ള സഹായത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക, ഈ മേഖലയിലെ സ്വന്തം പ്രവർത്തനങ്ങളുടെയും വിട്ടുവീഴ്ചകളുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം നൽകുക എന്നിവയും ഇതിലൂടെ സമൂഹത്തിലെ എല്ലാവരേയും ഉത്തരവാദിത്വമുളളവരാക്കുക എന്നതും സിസ്‌റ്റേഴ്‌സ് അഡോറേഴ്‌സിന്റെ ലക്ഷ്യമാണ്.
കേപ് വെർദെ 2007 മുതൽ ഇടത്തരം മനുഷ്യവികസന സൂചികയിൽ നിൽക്കുന്ന ദ്വീപസമൂഹമാണ്. എന്നിട്ടും ഇവിടുത്തെ ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മയും ക്ഷാമവും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യയുടെ 9.2 ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അതിജീവനത്തിന് അവസരങ്ങൾ കുറഞ്ഞത് മദ്യപാനം, സൈക്കോ ആക്റ്റീവ് മയക്കുമരുന്നുകളുടെ ഉപയോഗം, യുവാക്കളുടെ കുറ്റകൃത്യം, ഭിക്ഷാടനം എന്നിവയ്ക്ക് കാരണമായി.
സമീപ കാലങ്ങളിലായി ലൈംഗിക വിനോദസഞ്ചാരം വഴിയുള്ള വേശ്യാവൃത്തിയും കുട്ടികളുടെ വേശ്യാവൃത്തി എന്ന ദുരന്തവും ഈ ദ്വീപസമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും സിസ്റ്റർ സിമോണ പറഞ്ഞു. കമ്മ്യൂണിറ്റിക്ക് അതിന്റെ പ്രവർത്തന മേഖല മറ്റ് ദ്വീപുകളിലേക്ക് വ്യാപിപ്പിക്കണം എന്ന ഉദ്ദേശ്യമുണ്ട്. പ്രത്യേകിച്ചും മനുഷ്യക്കടത്ത്, വേശ്യാവൃത്തി, ലിംഗാധിഷ്ഠിത അക്രമം, ദുർബലരായ കൗമാരക്കാർ എന്നിവരെ സ്വാഗതം ചെയ്യുന്ന ഭവനങ്ങൾ സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സിസ്റ്റർ സിമോണ കൂട്ടിച്ചേർത്തു.
ലോകം ഇന്ന് വിശുദ്ധ മരിയ മൈക്കേല എന്ന് വിളിക്കുന്ന മൈക്കേല ഡെസ്മൈസിയേർസ് വൈ ലോപ്പസ് ഡികാസ്റ്റില്ലോ വൈ ഒൽമെഡ (Micaela Desmaisières y López Dicastillo y Olmeda)യുടെ നാമത്തിൽ 1856-ൽ മാഡ്രിഡിലാണ് വിശുദ്ധ കുർബാനയുടെ തോഴികളുടെ സിസ്‌റ്റേഴ്‌സ് അഡോറേഴ് സ്ഥാപിതമായത്. മാഡ്രിഡിലെ സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിൽ വേശ്യാവൃത്തിക്ക് ഇരയായ ഒരു യുവതിയെ കണ്ടുമുട്ടിയതോടെയാണ് സ്പാനിഷ് പ്രഭു കുടുംബത്തിലെ അംഗമായ യുവ മൈക്കേല തന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കാൻ ഇറങ്ങിതിരിച്ചത്.
ചൂഷണത്തിനിരയായ സ്ത്രീകളെ സ്വാഗതം ചെയ്തുകൊണ്ട് 1845-ൽ അവൾ തന്റെ ആദ്യത്തെ വീട് തുറന്നതോടെ ചരിത്രം വഴിതുറന്നത് അബലകളായ സ്ത്രീകളുടെ ജീവിതത്തിന് പുതുജീവിതം നല്കുന്നതിനായിരുന്നു. കാലചക്രം മുന്നോട്ട് നീങ്ങിയപ്പോൾ മൈക്കേലയുടെ ദൗത്യവും ഹൃദയത്തിൽ വഹിച്ചുകൊണ്ട് നാല് ഭൂഖണ്ഡങ്ങളിലെ 25 രാജ്യങ്ങളിലായി 170 പദ്ധതികളുമായി സിസ്റ്റേഴ്‌സ് അഡോറേഴ്‌സ് പ്രയാണം തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.