ഷിന്‍സൊ ആബെയ്ക്ക് ആദരാഞ്ജലി: സംസ്‌കാരത്തിനെത്തിയത് മോഡിയടക്കമുള്ള ലോക നേതാക്കള്‍

ഷിന്‍സൊ ആബെയ്ക്ക് ആദരാഞ്ജലി: സംസ്‌കാരത്തിനെത്തിയത് മോഡിയടക്കമുള്ള ലോക നേതാക്കള്‍

ടോക്യോ: അന്തരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയ്ക്ക് ലോകം വിടനല്‍കി. ചൊവ്വാഴ്ച്ച സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കള്‍. അന്തിമ വിടനല്‍കല്‍ ചടങ്ങ് നടന്ന നിപ്പോണ്‍ ബുഡോക്കാന്‍ ഹാളില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനൊപ്പം മോദി രാജ്യത്തിനുവേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. പൂക്കള്‍ കൊണ്ട് അലങ്കരിച്ചും 19 ഗണ്‍ സല്യൂട്ട് നല്‍കിയുമാണ് ആബെയെ യാത്രയാക്കിയത്.

ചടങ്ങിനിടെ മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. ആബെയുടെ മരണത്തിലുള്ള ഇന്ത്യയുടെ അനുശോചനം അദ്ദേഹം അറിയിച്ചു. ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിവിധ അന്താരാഷ്ട്ര പ്രശ്‌നങ്ങളും ചര്‍ച്ചചെയ്തതായി മോദി പിന്നീട് ട്വീറ്റ് ചെയ്തു. കിഷിദയുടെ നേതൃത്വത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം ആശംസിച്ചു. മോദിക്കൊപ്പം കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി കിഷിദയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഷിന്‍സൊ ആബെയുടെ ഭാര്യ അകിയ ആബെയെയും മോദി കണ്ടു.

ഈ വര്‍ഷം ജൂലൈയിലാണ് ഷിന്‍സോ ആബെ കൊല്ലപ്പെട്ടത്. സംസ്‌കാരചടങ്ങിനായി ജാപ്പനീസ് സര്‍ക്കാര്‍ ഏകദേശം 1.66 ബില്യണ്‍ യെന്‍ (94.1041 കോടി രൂപ) ആണ് ചെലവഴിച്ചത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചെലവിനേക്കാള്‍ കൂടുതലാണിതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുജനത്തിന്റെ പണം ഉപയോഗിച്ച് ആബെയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതിനെതിരെ ജപ്പാനില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.