മലയാളിയുടെ ജീവിതം നായനക്കുന്ന ഒരു കാലമാണിത്. ഒരു കാലത്ത്, വീടുകളുടെ കാവലാണ് എന്നു കരുതിയ നായകള്‍ ഇന്നു നിരത്തിലിറങ്ങി സാധാരണക്കാരന്റെ സാമാന്യജീവിതത്തിനു ഭീഷണി ഉയര്‍ത്തുകയാണ്.
വളര്‍ത്തു മൃഗങ്ങള്‍ വളര്‍ന്നു വളര്‍ന്ന് പല വീടുകളിലും ചില വ്യക്തികളുടെ ജീവിതത്തിലും മനുഷ്യരേക്കാള്‍ സ്വാധീനം ചെലുത്തുന്ന ആധുനിക കാലത്ത്, മൃഗങ്ങളെ മൃഗങ്ങളായിത്തന്നെ അകറ്റി നിര്‍ത്തിയില്ലെങ്കില്‍ വരാവുന്ന അപകടങ്ങളെപ്പറ്റിയുള്ള അവബോധമുണര്‍ത്തുന്ന ദിനമാണ് സെപ്റ്റംബര്‍ 28, പേവിഷ ബോധന ദിനം.
പേവിഷം കണ്ടുപിടിച്ച ഫ്രഞ്ച് ശാ്ര്രസജ്ഞന്‍ ലൂയി പാസ്റ്ററുടെ മരണദിനമാണ് 1895 സെപ്റ്റംബര്‍ 28. 2007 മുതലാണ് ഐക്യരാഷ്രസഭ ലൂയി പാസ്റ്ററിന്റെ അമൂല്യ സംഭാവനകള്‍ ലോകത്തിന് പേവിഷ ബോധവത്കരണത്തിനുപയുക്തമാക്കാന്‍ തീരുമാനിച്ചത്.
രോഗം മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ആരോഗ്യമുള്ള മനസും ശരീരവുമാണ് ഒരു മനുഷ്യന്റെ ക്ഷേമ ജീവിതത്തിന്റെ അടിത്തറ. എന്നാല്‍, എത്ര ശ്രമിച്ചാലും ചില രോഗങ്ങള്‍ അപ്രതീക്ഷിതമായി മനുഷ്യനെ പിടികൂടി നശിപ്പിക്കുന്നു.
ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന നിരവധി രോഗങ്ങളുണ്ട്. അത്തരത്തിലുള്ള ഏറ്റവും ഭീകരമായ രോഗമാണ് പേവിഷബാധ. പേപിടിച്ച നായയുടെ ഓര്‍മ്മ പോലും നമ്മെ പേടിപ്പിക്കുന്നുണ്ട്. പേപ്പട്ടിയുടെ കടിയേറ്റാല്‍ പേപിടിച്ച് അതിദാരുണമായി മരിക്കുക മാത്രമായിരുന്നു കുറേക്കാലം മുമ്പുവരെയുള്ള അവസ്ഥ. എന്നാല്‍, ലൂയിപാസ്റ്ററിന്റെ നേതൃത്വത്തില്‍ പേവിഷബാധയെ ചെറുക്കുന്ന വാക്സിന്‍ കണ്ടുപിടിച്ചതോടെയാണ് മരണം മോഷ്ടിക്കാന്‍ കരുതിവച്ചിരുന്ന നിരവധി ജീവിതങ്ങളെ ജീവിതത്തിനും കാലത്തിനും വീണ്ടു കിട്ടിയത്.
ജന്തുക്കള്‍ എത്ര സ്‌നേഹം നല്‍കിയാലും മനുഷ്യരല്ല, മനുഷ്യരാവുകയുമില്ല. മനുഷ്യന് ജീവിക്കാന്‍ തടസം നില്‍ക്കുന്ന ജന്തുക്കളെ ഒഴിവാക്കുക മാത്രമാണ് പോംവഴി. വളര്‍ത്തു നായകളില്‍ നിന്നും തെരുവു നായകളില്‍ നിന്നും കുരുങ്ങുകളില്‍ നിന്നും പേവിഷബാധയേല്‍ക്കാറുണ്ട്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഈ മഹാ വിപത്ത് പക്ഷേ, പലരും അശ്രദ്ധകൊണ്ട് വിലയ്ക്കുവാങ്ങുകയാണ്.
ഇന്നു തെരുവു നായ്ക്കളുടെ ഉപദ്രവം ഏറുമ്പോള്‍, മഹാഭൂരിപക്ഷം സാധാരണ ജനങ്ങളും ഭീതിയോടെയാണ് നിരത്തിലിറങ്ങുന്നത്. എന്നാല്‍, മാധ്യമങ്ങളില്‍ മാര്‍ക്കറ്റ് വാല്യുവുള്ള അപൂര്‍വം ചിലര്‍ നായകളെ ആശ്ലേഷിക്കുകയും സാധാരണക്കാരന്റെ സുരക്ഷിതത്വത്തിനു മേല്‍ അസംബന്ധത്തിന്റെ നായക്കുരണപ്പൊടി വിതറുകയുമാണ്.
നായ്ക്കള്‍ക്കു പേ പിടിച്ചാല്‍ അവയെ കൊല്ലാം. പേപ്പട്ടി വിഷബാധയേറ്റാലും ഇന്നു ചികിത്സിക്കാം. എന്നാല്‍, നാവിനു പേപിടിച്ചാലോ? നാവിനു പേപിടിച്ചാല്‍ വാക്കിനും സംസ്‌കാരത്തിനും വിഷബാധയേല്‍ക്കും. അത്തരത്തില്‍ ചിലര്‍ സാമാന്യജന ജീവിതത്തെ മലിനമാക്കുന്ന ഈ വര്‍ത്തമാനകാലത്ത് നായ നായയാണെന്നു തിരിച്ചറിയാനും ജന്തുക്കളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കാനും നമുക്കു ശ്രദ്ധിക്കാം.
പേവിഷബാധയേറ്റാലുള്ള പ്രാഥമിക ചികിത്സകളെപ്പറ്റി പഠിക്കാം. ജാഗ്രത പുലര്‍ത്താം, പേപിടിച്ച നായകളില്‍ നിന്നും നാവുകളില്‍ നിന്നും.
ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.
ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.