തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവെച്ചു തുടങ്ങി. എന്നാല്‍ കേരളത്തില്‍ നടപടികള്‍ ആയിട്ടില്ല.
പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവെയ്ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം കൂടുതലുള്ള കര്‍ണാടക, തമിഴ്‌നാട്, കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പ്രത്യേക നിര്‍ദേശവും നല്‍കിയിരിക്കുന്നത്.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിഎഫ്‌ഐയുടെ ഓഫീസുകള്‍ സീല്‍ ചെയ്തു തുടങ്ങി. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാനപ്പെട്ട ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു. കേരളത്തിലും പിഎഫ്‌ഐ ശക്തി കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ഓഫീസുകളിലേക്ക് ആളുകള്‍ എത്തരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരോധന ഉത്തരവ് കിട്ടിയാലുടന്‍ കേരളത്തിലെ പിഎഫ്‌ഐ ഓഫിസുകള്‍ മുദ്രവയ്ക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയ്ക്ക് ശേഷമാകും ഓഫീസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള നടപടകളിലേക്ക് കടക്കുക.
പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടര്‍ നടപടിക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും. ആസ്തികള്‍ കണ്ടുകെട്ടാനും പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നടപടിക്ക് നിര്‍ദേശം നല്‍കിയത്. നിരോധിച്ച ഒന്‍പത് സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസുകള്‍ കണ്ടുകെട്ടാനുമാണ് നിര്‍ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.
പോപ്പുലര്‍ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടേയും പട്ടിക കളക്ടര്‍മാര്‍ തയ്യാറാക്കി മുദ്രവയ്ക്കണം. ഇവ തുടര്‍ന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും.
വിജ്ഞാപനം ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസും ആഭ്യന്തര മന്ത്രാലയവും. പിഎഫ്ഐയുടെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പൊലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.