അജിത് കുമാര്‍ ഡോവല്‍: ഇരകളെ റാഞ്ചാന്‍ റാഗിപ്പറക്കുന്ന ചെമ്പരുന്തിന്റെ നരജന്മം

അജിത് കുമാര്‍ ഡോവല്‍: ഇരകളെ റാഞ്ചാന്‍ റാഗിപ്പറക്കുന്ന ചെമ്പരുന്തിന്റെ നരജന്മം

ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ എന്നൊരു സംവിധാനമുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളെ വരച്ച വരയില്‍ നിര്‍ത്താന്‍ അതിന് അപാര ശക്തിയുണ്ടെന്നും രാജ്യത്തെ ബോധ്യപ്പെടുത്തിയത് ടി.എന്‍ ശേഷനാണ്. കര്‍ക്കശക്കാരനായ പാലക്കാടന്‍ പട്ടര്‍. അദ്ദേഹത്തിന്റെ മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കിടുകിടാ വിറച്ചു.

അതുപോലെ രാജ്യ സുരക്ഷയില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നൊരു പദവി കേന്ദ്ര സര്‍ക്കാരിലുണ്ടെന്നും അത് രാജ്യ സുരക്ഷയ്ക്ക് എങ്ങനെ ഉപയോഗിക്കാമെന്നും നമുക്ക് കാണിച്ചു തരികയാണ് അജിത് ഡോവല്‍ എന്ന ഉത്തരാഖണ്ഡുകാരന്‍. ഇരകളെ റാഞ്ചാന്‍ റാഗിപ്പറക്കുന്ന ചെമ്പരുന്തിന്റെ നരജന്മമെടുത്ത ഈ കുറിയ മനുഷ്യന്റെ മുന്നില്‍ ദേശ വിരുദ്ധ ശക്തികള്‍ കിടുകിടാ വിറച്ചാണ് നില്‍ക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടു വീണതോടെ അതിനു പിന്നിലെ ബുദ്ധി കേന്ദ്രമായ ഡോവല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എതിരാളികള്‍ ചിന്തിച്ചു നിര്‍ത്തുന്നിടത്ത് നിന്ന് ചിന്തിച്ചു തുടങ്ങുന്ന ഡോവലിന്റെ ജീവിതം അപസര്‍പ്പക കഥകളെയും വെല്ലുന്നതാണ്. ഇന്ത്യയുടെ ജയിംസ് ബോണ്ടാണ് ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരിലൊരാളായ അജിത് ഡോവല്‍ എന്ന അജിത് കുമാര്‍ ഡോവല്‍. പ്രവര്‍ത്തന മികവും കൈയടക്കവും അനുഭവ പരിചയവുമാണ് ഡോവലിനെ വ്യത്യസ്തനാക്കുന്നത്.

ജീവന്‍ പോലും പണയം വച്ച് ഒരു പാകിസ്ഥാനി മുസ്ലീമിന്റെ വേഷത്തില്‍ ഇന്ത്യന്‍ ചാരനായി ഏഴ് വര്‍ഷമാണ് ഡോവല്‍ പാകിസ്ഥാനില്‍ കഴിച്ചു കൂട്ടിയത്. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാര പ്രവര്‍ത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ് അദ്ദേഹം. ഈ ഏഴ് വര്‍ഷം കൊണ്ട് ആണവ രഹസ്യങ്ങളടക്കം പാകിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പല രഹസ്യങ്ങളും ഡോവല്‍ ചോര്‍ത്തി.

ഇങ്ങനെ സിനിമാ സ്‌റ്റൈലില്‍ നടത്തിയ ചാര പ്രവര്‍ത്തിയാണ് അദ്ദേഹത്തെ 'ഇന്ത്യയുടെ ജയിംസ് ബോണ്ട്' എന്ന് വിശേഷണത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ കുശാഗ്ര ബുദ്ധിയാണ്.

1988 ല്‍ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം ബോംബ് വച്ച് തകര്‍ത്ത് കൊടും കലാപം അഴിച്ചു വിടാനുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലാണ്. തീവ്രവാദികള്‍ക്ക് കൈമാറാന്‍ ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാക് ചാരനെ തന്ത്രപൂര്‍വം കുരുക്കിയ ഡോവല്‍ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തില്‍ തീവ്രവാദികളുടെ സംഘത്തില്‍ കയറിപ്പറ്റി. പിന്നീട് തീവ്രവാദികള്‍ ക്ഷേത്രം തകര്‍ക്കാന്‍ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവല്‍ കൈമാറിയ ആ പൊട്ടാത്ത ബോംബുകളായിരുന്നു.



പ്രതിരോധം നേരിട്ടാല്‍ ഈ ബോംബുകള്‍ പൊട്ടിച്ച് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് ഖാലിസ്ഥാന്‍ വാദികള്‍ അവ സ്ഥാപിച്ചത്. പക്ഷേ പഞ്ചാബ് പോലീസുമായി രണ്ടാഴ്ച നീണ്ടു നിന്ന ആക്രമണത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ച ബോംബുകളില്‍ ഒരെണ്ണം പോലും പൊട്ടിയില്ല. അങ്ങനെ സുവര്‍ണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു.

ഈ വീര സാഹസികതയ്ക്കുള്ള അംഗീകാരമായി 1988 ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര നല്‍കി അന്ന് പോലീസ് ഓഫീസറായ ഡോവലിനെ ആദരിച്ചു. അതുവരെ സൈനികര്‍ക്ക് മാത്രം നല്‍കിവന്നിരുന്ന പുരസ്‌കാരമാണ് കീര്‍ത്തിചക്ര.

മിസോറാം കലാപ കാലത്ത് മിസോറാം നാഷണല്‍ ഫ്രണ്ടില്‍ നുഴഞ്ഞു കയറി അവരില്‍ ഒരാളായി നിന്നാണ് അജിത് ഡോവല്‍ അവരുടെ തന്നെ പല കമാന്‍ഡര്‍മാരെയും വക വരുത്തിയത്. കലാപത്തിനു നേതൃത്വം നല്‍കിയ ലാല്‍ ഡെംഗയുടെ ഏഴു കമാന്‍ഡര്‍മാരെയാണ് ഇത്തരത്തില്‍ വധിച്ചത്.

1999 ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത് അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തില്‍ നിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്ക് ഡോവലെത്തിച്ചു.

അദ്ദേഹത്തിന്റെ സാഹസിക നേട്ടങ്ങളില്‍ മറ്റൊന്നു പഞ്ചാബ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ റൊമാനിയന്‍ നയതന്ത്ര പ്രതിനിധിയെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപ്പറേഷന്‍ ആണ്.

ഇന്റലിജന്‍സ് ബ്യൂറോ തലവനായി 1995 ല്‍ നിയമിതനായ അജിത് ഡോവല്‍ 10 വര്‍ഷത്തെ സേവനത്തിന് ശേഷം 2005 ലാണ് വിരമിച്ചത്. ഇക്കാലയളവിനിടെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായി. 2005 ല്‍ വിരമിച്ച ശേഷം ആത്മീയതയിലൂന്നിയ രാജ്യക്ഷേമം ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷന്‍ എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോവല്‍.

2014 ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മോഡി സര്‍ക്കാര്‍ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നതാണ്. 2014 മെയ് 30 നാണ് അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്.

ആ വര്‍ഷം തന്നെ ജൂണില്‍ ഇറാക്കിലെ തിക്രിത്ത് ഐ.എസ് ഭീകരര്‍ പിടിച്ചെടുത്തതിനു ശേഷം ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇറാക്കില്‍ നേരിട്ടെത്തിയ ഡോവല്‍ അവിടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് ഇതു സാധ്യമാക്കിയത്.


മണിപ്പൂരില്‍ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്‍മറില്‍ കയറി് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളില്‍ ഭരണഘടനാ മാറ്റത്തിനു ശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണര്‍ത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയില്‍ മഹീന്ദ രാജപക്‌സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ചരടുവലികളുണ്ടായിരുന്നു.

കാശ്മീരില്‍ വിഘടന വാദികള്‍ക്കും ഭീകരര്‍ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും പാകിസ്ഥാന്റെ നോട്ടപ്പുള്ളിയായ ഡോവല്‍ തന്നെ. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന മുംബൈ സ്‌ഫോടന പരമ്പരയിലെ പിടികിട്ടാപ്പുള്ളിയായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്ന് ഡോവല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ അഭിമാനമായി തിളങ്ങുന്ന ഈ ഐപിഎസുകാരന് കേരളവുമായി എടുത്തു പറയത്തക്ക ഔദ്യോഗിക ബന്ധമുണ്ട്. 1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. കോട്ടയം എഎസ്പി ആയിട്ടായിരുന്നു ആദ്യ നിയമനം. ഡോവലിന്റെ കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞത് അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. 1971 ലെ തലശേരി കലാപം അമര്‍ച്ച ചെയ്യാന്‍ കരുണാകരന്‍ നിയോഗിച്ചത് അജിത് ഡോവലിനെ ആയിരുന്നു.

ഇപ്പോള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്വാളിലെ ഗിരി ബനേല്‍സ്യൂന്‍ ഗ്രാമത്തില്‍ 1945 ജനുവരി 20 നാണ് ജനനം. പ്രശസ്തമായ ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ്. അച്ഛന്‍ ഗുണാനന്ദ് ഡോവല്‍ ഇന്ത്യന്‍ ആര്‍മിയിലായിരുന്നു. അജ്മീര്‍ മിലിട്ടറി സ്‌കൂളിലായിരുന്നു അജിത് ഡോവലിന്റെ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു. പിന്നീട് രാജ്യത്തെ സേവിക്കാന്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലേക്ക്.

ഭാര്യ അരുണി ഡോവല്‍. ഷൗര്യ ഡോവല്‍, വിവേക് ഡോവല്‍ എന്നിവരാണ് മക്കള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.