തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെതിരെ നടപടി ഉണ്ടായേക്കും. പാര്‍ട്ടി നേതൃത്വത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
നാളെ തുടങ്ങാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് 30 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഇക്കാര്യം ചര്‍ച്ച ചെയ്യും. പരസ്യ ശാസന നല്‍കാനുള്ള സാധ്യതയാണ് ഔദ്യോഗിക വിഭാഗം സൂചന നല്‍കുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്.
പ്രായപരിധി വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് സി.ദിവാരകന്‍ പ്രതികരിച്ചത്. അധികാരം തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണെന്നും പ്രായപരിധി അംഗീകരിക്കില്ലെന്നും ദിവാകരന്‍ പരസ്യമായി നിലപാടെടുത്തു. ഇതിനു മറുപടിയായി കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായപരിധി സംസ്ഥാനത്തും നടപ്പാക്കുമെന്ന് കാനവും തിരിച്ചടിച്ചു. പരസ്യ പ്രതികരണങ്ങളിലൂടെ സിപിഐക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരികെയായിരുന്നു.
അതിനിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നാല്‍ പിന്‍മാറേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കാനം അനുകൂലികള്‍. എന്നാല്‍ കാനം മാറിയേ തീരു എന്നും പുതിയ നേതൃത്വം വരണമെന്നും വിമത വിഭാഗം വാദിക്കുന്നു. സി.ദിവാകരന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പ്രായപരിധി നിര്‍ബന്ധമായാല്‍ മത്സരിക്കാനാകില്ല. പിന്നെ മുതിര്‍ന്ന അംഗം പ്രകാശ് ബാബുവിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
പാര്‍ട്ടിയില്‍ സൗമ്യമുഖമായ പ്രകാശ് ബാബുവിനെ മല്‍സരിപ്പിക്കാന്‍ വിമതവിഭാഗത്തിന് താലപര്യമുണ്ടെങ്കിലും തനിക്ക് ഒരു പക്ഷമേയുള്ളു അത് സിപിഐ പക്ഷമാണെന്ന പരസ്യനിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മത്സരത്തിന് താലപര്യമില്ലെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നെങ്കിലും വിമത വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങിയതായാണ് സൂചന.
ഭൂരിഭാഗം സിപിഐ ജില്ലാ കമ്മിറ്റികളും പിടിച്ച് കാനം പക്ഷം കരുത്തുതെളിയിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ പോരാട്ടത്തിറങ്ങാന്‍ തന്നെയാണ് വിമതവിഭാഗത്തിന്റെ നീക്കം. മത്സരത്തിലുടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടേ എന്ന സമീപനത്തോട് കാനത്തിന് യോജിപ്പില്ല. സംസ്ഥാന സമ്മേളനം എന്തു തീരുമാനിക്കുന്നോ അത് സംഭവിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിന്. മാത്രമല്ല മുന്‍പും ഇത്തരത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച് ധാരാളം ആളുകള്‍ മുന്നോട്ട് വന്നെങ്കിലും പലഘട്ടങ്ങളായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഇവര്‍ പിന്‍മാറിയിട്ടുള്ള ചരിത്രവും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.
ഇപ്പഴും ഉറച്ച പിന്തുണ കാനത്തിന് പാര്‍ട്ടിയിലുണ്ട്. ജില്ലാ സമ്മേളനങ്ങളില്‍ അതു കണ്ടതാണ്. രാഷ്ട്രീയ പ്രമേയങ്ങളില്‍ വിമര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി വന്നെങ്കിലും കാനത്തിന്റെ പിന്തുണയ്ക്ക് കാര്യമായ കോട്ടമില്ല. അതിന്റെ ആത്മവിശ്വാസം അദ്ദേഹത്തില്‍ പ്രകടമാണ്. മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറിയായി തുടരാന്‍ ഭരണഘടന അനുവദിക്കുന്നതിനാല്‍ സാങ്കേതിക പ്രശ്‌നങ്ങളും കാനത്തിന് തടസമല്ല. പാര്‍ട്ടി സെക്രട്ടറിയായി തുടരാനുള്ള താല്‍പര്യവും കിട്ടുന്ന വേദികളിലൊക്കെ അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. കാനം സ്വയം പിന്‍മാറിയില്ലെങ്കില്‍ മൂന്നാം തവണയും സെക്രട്ടറി സ്ഥാനത്തേക്ക് കാനം എത്താനുള്ള സാധ്യതകളാണ് തെളിയുന്നത്.
എന്നാല്‍ കാനത്തിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം സംസ്ഥാന സമ്മേളത്തില്‍ അനുകൂലമാക്കാനാക്കാനുള്ള തന്ത്രങ്ങള്‍ വിമതപക്ഷം തുടങ്ങികഴിഞ്ഞു. കോട്ടയത്തും ഇടുക്കിയിലും ഓദ്യോഗിക പക്ഷത്തെ തോല്‍പ്പിക്കാനായത് വിമതവിഭാഗത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. കോഴിക്കോട്, പത്തനംതിട്ട, ജില്ലകളും ഇസ്മയിലിന് അനുകൂലമാണ്. മറ്റ് 10 ജില്ലകളും കാനത്തോട് ഒപ്പമാണ്.
കാനത്തിനെതിരെ മല്‍സരിച്ച് ജയിക്കണമെങ്കില്‍ 90 സമ്മേളന പ്രതിനിധികളുള്ള കൊല്ലത്ത് അടിയൊഴുക്കുണ്ടാകണം. കാനം പക്ഷത്തേക്ക് ചേക്കേറിയ പി.എസ്. സുപാലിനെ സെക്രട്ടറിക്കി അവിടെ നിന്നുള്ള പിന്‍തുണ ഉറപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നുള്ളവരില്‍ 45 പേരെങ്കിലും കളം മാറ്റിയാലേ കാനത്തിന് ക്ഷീണമുണ്ടാവുകയുള്ളൂ. പ്രകാശ് ബാബു മത്സരിച്ചാല്‍ കൊല്ലത്തു നിന്നുള്ള കൂടുതല്‍ പിന്തുണ ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷ വിമത വിഭാഗത്തിനും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.