ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമം. ശശി തരൂരിനെതിരെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായി ദിഗ്‌വിജയ് സിങ് നാളെ പത്രിക നല്‍കും. രാജാസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിനെ തഴഞ്ഞാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങിനെ ഇപ്പോള്‍ ഹൈക്കമാന്‍ഡ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.  
സോണിയാ ഗാന്ധിയുമായി പലഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ദിഗ്‌വിജയ് സിങിലേക്ക് തീരുമാനം എത്തുകയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക വാങ്ങിയത് മത്സരിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണെന്ന് ദിഗ്‌വിജയ് സിങ് ഇന്ന് പകല്‍ മധ്യമങ്ങളോട് വ്യക്തമാക്കിയതോടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഏറെക്കൂറെ ഉറപ്പായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി ബാക്കി ഉണ്ടായിരുന്നുള്ളു. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമായ 30ന് ദിഗ്‌വിജയ് സിങും ശശി തരൂരും പത്രിക സമര്‍പ്പിക്കും. 
ഇന്ന് രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിഗ്‌വിജയ് സിങ് നാമനിര്‍ദ്ദേശ പത്രിക വാങ്ങാനെത്തിയത്. അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് തഴഞ്ഞു. പാര്‍ട്ടിക്കെതിരെ വിമത നീക്കം നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്ന ഗെലോട്ടിനെ ഹൈക്കമാന്‍ഡ് കൈവിട്ടത്. 
ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം താന്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ഗെലോട്ട് തന്നെ വ്യക്തമാക്കി. രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഒന്നരമണിക്കൂറാണ് ഗഹ്‌ലോത് കൂടിക്കാഴ്ച നടത്തിയത്.
കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നപ്പോഴാണ് താന്‍ മത്സരിക്കാന്‍ തയ്യാറയത്. എന്നാല്‍ രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അധ്യക്ഷതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഗെലോട്ട് വ്യക്തമാക്കി. 
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും ഗെലോട്ട് പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.