വീണ്ടും ഞെട്ടിച്ച് എന്‍ഐഎ: 'പോപ്പുലര്‍ ഫ്രണ്ടിന് തീവ്ര ഇസ്ലാമിക തുര്‍ക്കി ഗ്രൂപ്പുമായി ബന്ധം; അല്‍ ഖ്വയ്ദയുമായി സഹകരണം'

വീണ്ടും ഞെട്ടിച്ച് എന്‍ഐഎ: 'പോപ്പുലര്‍ ഫ്രണ്ടിന് തീവ്ര ഇസ്ലാമിക തുര്‍ക്കി ഗ്രൂപ്പുമായി ബന്ധം; അല്‍ ഖ്വയ്ദയുമായി സഹകരണം'

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളായ ഇ.അബൂബക്കര്‍, പി.കോയ, ഇ.എം. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍. ഇവരില്‍ പി.കോയയും ഇ.എം അബ്ദുള്‍ റഹ്മാനും തീവ്ര ഇസ്ലാമിക തുര്‍ക്കി ഗ്രൂപ്പായ ഐ.എച്ച്.എച്ചിന്റെ ആതിഥേയത്വം സ്വീകരിച്ചു എന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഐഎ.

തീവ്ര ഇസ്ലാമിക തുര്‍ക്കി ഗ്രൂപ്പായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) എന്ന സംഘടനയുമായി പി.എഫ്.ഐ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ പുതിയതായി കണ്ടെത്തിയിട്ടുള്ളത്. അല്‍ ഖ്വയ്ദയുമായും ഇവര്‍ സഹകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തുര്‍ക്കി മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പെടുന്ന ഐ.എച്ച്.എച്ച് 2014 ല്‍ സിറിയയിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ കടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പി.എഫ്.ഐയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഇ.എം. അബ്ദുള്‍ റഹ്മാന്‍, പി, കോയ എന്നിവര്‍ക്ക് ഇസ്താംബുളില്‍ ഐ.എച്ച്.എച്ച് സ്വകാര്യ ആതിഥേയത്വം നല്‍കിയെന്നും അന്താരാഷ്ട്ര ഏജന്‍സികളെ ഉദ്ധരിച്ച് എന്‍ഐഎ അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് തുര്‍ക്കിയില്‍ അടിത്തറ പാകിയത്. ഇതിനായി നൗഷാദെന്ന വിദ്യാര്‍ത്ഥിയെ സബഹാറ്റിന്‍ സൈബ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നതിനായി അയച്ചു. ഇയാള്‍ മുഖേനയാണ് തുര്‍ക്കിയില്‍ നിന്ന് ധന സമാഹരണം നടത്തിയിരുന്നത്.

ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവര പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിഹാബ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ എന്നീ മൂന്ന് സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്. കൂടാതെ വിദേശത്ത് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേരിട്ടുള്ള പങ്കാളിത്തം സംബന്ധിച്ചും ചില വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

ഇത്തരത്തില്‍ തീവ്രവാദ സംഘടനകളുമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍.

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളായ ഇ.അബൂബക്കര്‍, പി.കോയ, ഇ.എം. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍. ഇവരില്‍ പി.കോയയും ഇ.എം അബ്ദുള്‍ റഹ്മാനും തീവ്ര ഇസ്ലാമിക തുര്‍ക്കി ഗ്രൂപ്പായ ഐ.എച്ച്.എച്ചിന്റെ ആതിഥേയത്വം സ്വീകരിച്ചു എന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.