തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടി ഇന്നും തുടരും. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 17 ഓഫിസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്.
തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടി സീല്‍ ചെയ്യും. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ആരംഭിച്ചത്.
എന്‍ഐഎയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ പിഎഫ്‌ഐ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയാനും പ്രശ്‌നക്കാരെ കരുതല്‍ തടങ്കലിലാക്കാനും പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും, ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
അതേ സമയം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ കേരളത്തില്‍ നിന്ന് അറസ്റ്റു ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തിരുവനന്തപുരം പൂന്തുറ കരമന അഷറഫ് മൗലവി, പത്തനംതിട്ടയിലെ സാദിഖ് അഹമ്മദ്, ഈരാറ്റുപേട്ട സ്വദേശികളായ ഷിഹാസ്, പി. അന്‍സാരി, എം.എം. മുജീബ്, മുണ്ടക്കയത്തെ നജിമുദ്ദീന്‍, ഇടുക്കി പെരുവന്താനത്തെ ടി.എസ്. സൈനുദ്ദീന്‍, തൃശൂര്‍ പെരുമ്പിലാവിലെ പി.കെ. ഉസ്മാന്‍, കുന്നംകുളത്തെ യഹിയ കോയ തങ്ങള്‍, മലപ്പുറം വളാഞ്ചേരിയിലെ കെ.മുഹമ്മദാലി, കാസര്‍കോട്ടെ സി.ടി. സുലൈമാന്‍ എന്നിവരെയാണ് 30 വരെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലക്ഷര്‍ ഇ തൊയ്ബ, ഐസിസ് പോലയുള്ള ഭീകരസംഘടകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.