പത്രിക സമര്‍പ്പിച്ചു; മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് തരൂര്‍

പത്രിക സമര്‍പ്പിച്ചു; മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദിയെന്ന് പ്രകടന പട്ടിക സമര്‍പ്പിച്ചതിനു ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്‌നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ദിഗ് വിജയ് സിംഗ് പിന്മാറിയതോടെ ഖാര്‍ഗെ-തരൂര്‍ മത്സരത്തിനു കളം ഒരുങ്ങി.

ഖാര്‍ഗേയ്ക്ക് പിന്തുണ നല്‍കാനാണ് എല്ലാ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടേയും തീരുമാനമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് പ്രതികരിച്ചു. താന്‍ മത്സരിക്കാനില്ലെന്ന് ഖെലോട്ട് ഇന്നലെ അറിയിച്ചിരുന്നു. തന്റെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം ഖെലോട്ട് ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.