ഇ-നഗറ്റ്‌സ് കുംഭകോണം: 47.64 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സികള്‍ മരവിപ്പിച്ച് ഇ.ഡി

ഇ-നഗറ്റ്‌സ് കുംഭകോണം: 47.64 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സികള്‍ മരവിപ്പിച്ച് ഇ.ഡി

കൊല്‍ക്കത്ത: 47.64 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സികള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനായ ഇ-നഗറ്റ്‌സ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ് ക്രിപ്‌റ്റോ കറന്‍സികള്‍ ഇ.ഡി മരവിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 31.35 കോടി രൂപയാണ് ഇ.ഡി ഇതുവരെ പിടിച്ചെടുത്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സികളുടെ നടപടി. പ്രതികള്‍ അനധികൃതമായി സമ്പാദിച്ച തുകയുടെ ഒരു ഭാഗം ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് വഴി വിദേശത്തേക്ക് മാറ്റുകയായിരുന്നുവെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മരവിപ്പിക്കല്‍ നടപടിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് നീങ്ങിയത്.

കേസില്‍ പ്രതി ആമിര്‍ ഖാനും സംഘത്തിനുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ ആമീര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സ്ഥാപനത്തില്‍ ഇ.ഡി നടത്തിയ പരിശോധനയില്‍ 17 കോടിയിലധികം രൂപ കണ്ടുകെട്ടിയിരുന്നു.

ഗെയിം ആരംഭിച്ച സമയങ്ങളില്‍ ഉപയോക്താക്കള്‍ക്ക് കമ്മീഷന്‍ നല്‍കുകയും വാലറ്റിലെ ബാലന്‍സ് തടസമില്ലാതെ പിന്‍വലിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആപ്പില്‍ വിശ്വസിച്ച ഉപയോക്താക്കള്‍ കമ്മീഷനും കൂടുതല്‍ പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്കുമായി വലിയ തുക നിക്ഷേപിക്കാന്‍ തുടങ്ങി. ഈ തുക ആപ്പുമായി ബന്ധപ്പെട്ടവര്‍ ശേഖരിച്ച ശേഷം പെട്ടന്ന് ഒരു ദിവസം ആപ്പില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

സംഭവത്തില്‍ സിസ്റ്റം അപ്ഗ്രേഡേഷന്‍ മുതലായ കാരണമാണ് അധികൃതര്‍ ഉപയോക്താക്കളെ അറിയിച്ചത്. ശേഷം പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും ആപ്പ് സെര്‍വറുകളില്‍ നിന്ന് മായിക്കുകയായിരുന്നു. ഇതോടെയാണ് പറ്റിക്കപ്പെട്ട വിവരം ഉപയോക്താക്കള്‍ തിരിച്ചറിഞ്ഞതെന്ന് ഇ.ഡി വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.