തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്. തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2015 ല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വന്ന കോടിയേരി 2018 ല്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. രോഗാതുരമായ അനാരോഗ്യത്തിനിടയിലും ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയാക്കി. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ ഏറെ വൈകാതെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹം മാറി.
കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ എന്നും സൗമ്യനായിരുന്നു കോടിയേരി. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ പാത പിന്തുടര്‍ന്നായിരുന്നു യാത്ര. മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയത്തില്‍ പിണറായി കഴിഞ്ഞാല്‍ മറ്റൊരു പേര് കോടിയേരിയുടേതായിരുന്നു.
കണ്ണൂരില്‍ നിന്നു സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടേറിയറ്റിലും, കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യുറോയിലും ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണന്‍ പിണറായി വിജയന്റെ തുടര്‍ച്ചയായി. പാര്‍ട്ടിയില്‍ വിഭാഗീയത കെട്ടടങ്ങിയ കാലത്ത് വിഎസ് പക്ഷത്ത് നിന്ന നേതാക്കളെ പിണറായി പക്ഷത്ത് എത്തിക്കുന്നതില്‍ കോടിയേരിയുടെ പങ്ക് നിര്‍ണായകമായിരുന്നു.
ഓണിയന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ കോടിയേരി കൊടിപ്പിടിച്ച് തുടങ്ങിയിയതായിരുന്നു കോടിയേരിക്ക് പാര്‍ട്ടിയുമായുള്ള ബന്ധം. 19-ാം വയസില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. അടിയന്തരാവസ്ഥാക്കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പം ജയില്‍വാസം അനുഭവിച്ചു. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കണ്ണൂരും കടന്ന് വളര്‍ന്നു. 1982 ല്‍ തലശേരി എംഎല്‍എ ആയി. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90 ല്‍ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി. അന്നു മുതല്‍ ഇങ്ങോട്ട് കോടിയേരി പിന്നില്‍ പോയിട്ടില്ല.
കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. പിന്നീടാണ് മരണവാര്‍ത്ത പുറത്തുവന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാളെ മൃതദേഹം കേരളത്തില്‍ എത്തിക്കും. പൊതുദര്‍ശനവും സംസ്‌കാരവും അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും കുടുംബാംഗങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക.
കണ്ണൂര്‍ തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ്. സിപിഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.