മനുഷ്യ പരിണാമത്തെക്കുറിച്ച് നിര്‍ണായക പഠനം; വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം സ്വീഡിഷ് ശാസ്ത്രജ്ഞന്

മനുഷ്യ പരിണാമത്തെക്കുറിച്ച് നിര്‍ണായക പഠനം; വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം സ്വീഡിഷ് ശാസ്ത്രജ്ഞന്

സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പാബുവിനാണ് പുരസ്‌കാരം ലഭിച്ചത്. തിങ്കളാഴ്ച സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൊബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പേള്‍മാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

ആധുനിക മനുഷ്യരുടേയും വംശനാശം സംഭവിച്ച നിയാണ്ടര്‍ത്തലുകളുടെയും ഡെനിസോവന്മാരുടെയും ജനിതകഘടനയെ താരതമ്യം ചെയ്തുകൊണ്ടുള്ളതാണ് പാബൂവിന്റെ ഗവേഷണം. വൈദ്യശാസ്ത്രത്തിലെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചതോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ വര്‍ഷത്തെ നോബേല്‍ സീസണിന് തുടക്കമായി.

40,000 വര്‍ഷം മുമ്പുണ്ടായിരുന്ന അസ്ഥിയില്‍ പരീക്ഷണം നടത്തിയാണ് ഡി.എന്‍.എയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം നടത്തിയത്. ചിമ്പാന്‍സിയുമായും ആധുനിക മനുഷ്യനുമായും വളരെ അധികം അന്തരം ഈ കാലഘട്ടത്തില്‍ യൂറോപ്പില്‍ ജീവിച്ചിരുന്നുവര്‍ക്കുണ്ടായിരുന്നതായി കണ്ടെത്തി.

ഇത്തവണത്തെ ആദ്യ നോബേല്‍ പുരസ്‌കാരമാണ് വൈദ്യശാസ്ത്രത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കും. ഒക്ടോബര്‍ നാലിന് ഭൗതികശാസ്ത്രം, അഞ്ചിന് രസതന്ത്രം, ആറിന് സാഹിത്യം, ഏഴിന് സമാധാനം, പത്തിന് സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും. 10 മില്യണ്‍ സ്വീഡിഷ് ക്രോണസ് (ഏകദേശം 7.37 കോടി രൂപ) വരുന്ന ക്യാഷ് അവാര്‍ഡ് ഡിസംബര്‍ 10 ന് സമ്മാനിക്കും. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.