പട്ന: ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇടഞ്ഞുനിന്ന ആർജെഡി മന്ത്രി സുധാകർ സിങിന്റെ രാജിയോടെ മഹാസഖ്യ സർക്കാരിൽ മുന്നണി പ്രശ്നങ്ങൾ കൂടുതൽ വഷളായി. ജെഡിയു മായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് നിതീഷ് മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്ന രണ്ടാമത്തെ ആർജെഡി മന്ത്രിയാണ് സുധാകർ സിങ്.
ആർജെഡി മന്ത്രിമാർ സർക്കാരിൽ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ജെഡിയു നേതൃത്വം വിമർശിച്ചു. തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായ കാർത്തിക കുമാറാണ് നിതീഷ് മന്ത്രിസഭയിൽനിന്ന് ആദ്യം രാജിവയ്ക്കേണ്ടി വന്നത്. കേസിൽ കോടതിയിൽ കീഴടങ്ങേണ്ട ദിവസമാണ് കാർത്തിക് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
കേസ് വിവാദമായെങ്കിലും കാർത്തിക് കുമാർ രാജിക്കു തയാറായില്ല. ആർജെഡി നേതൃത്വം രാജി ആവശ്യപ്പെട്ടതുമില്ല. കാർത്തിക് കുമാറിനെ മുഖ്യമന്ത്രി നിതീഷ് കുമാർ അപ്രധാനമായ കരിമ്പു കൃഷി വകുപ്പിലേക്കു മാറ്റിയതിനു ശേഷമാണ് രാജിയുണ്ടായത്.
സർക്കാർ ഓഫിസുകളിലെ അഴിമതികളെ കുറിച്ചു തുടർച്ചയായി പരസ്യ വിമർശനം നടത്തിയാണ് സുധാകർ സിങ് മുഖ്യമന്ത്രിക്കു തലവേദന സൃഷ്ടിച്ചത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങൾ ചെരിപ്പൂരി അടിക്കണമെന്നും സുധാകർ ആഹ്വാനം ചെയ്തു. നിതീഷ് സർക്കാരിന്റെ കാർഷിക നയത്തെ കൃഷി മന്ത്രി സുധാകർ തന്നെ വിമർശിച്ചതും വിവാദങ്ങളുണ്ടാക്കി. ഇതൊക്കെയാണ് രാജിക്കായുള്ള സമ്മർദ്ദത്തിലേക്ക് കൊണ്ടെത്തിച്ചത്.
ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ വിശ്വസ്തനും സംസ്ഥാന അധ്യക്ഷനുമായ ജഗദാനന്ദ സിങ്ങിന്റെ മകനാണു ഇപ്പോൾ രാജിവച്ച സുധാകർ. നിതീഷ് കുമാർ അടുത്ത വർഷം മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറുമെന്ന ജഗദാനന്ദ സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.