ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ വീണ്ടും അപകടം. ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതത്തെ തുടര്‍ന്ന് പത്ത് പര്‍വതാരോഹകര്‍ മരിച്ചതിന് പിന്നാലെ പൗഡി ഗഡ് വാള്‍ ജില്ലയിലെ സിംദിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേരുടെ മരണം സംഭവിച്ചു. മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരു അപകടങ്ങളും സംഭവിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കും.
റിഖ്നിഖല്‍-ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികില്‍ 50 പേരുമായി പോയ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. 500 മീറ്റര്‍ ആഴത്തിലേക്ക് വീണ ബസ് പൂര്‍ണമായി തകര്‍ന്നു. 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചു. ഏതാനം പേരെക്കൂടി രക്ഷപെടുത്താനുണ്ട്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി സൗകര്യങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമപാതവും മണ്ണിടിച്ചിലും പതിവായ ഉത്തരാഖണ്ഡിലെ ഹിമാലയന്‍ മേഖലയില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥടകരും ധാരാളം വന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ അപകടങ്ങള്‍ നിത്യ സംഭവമായിരിക്കുകയാണ്.
ഉത്തരകാശി ജില്ലയിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലാണ് ചൊവ്വാഴ്ച രാത്രി 8.45 ഓടെ ഹിമപാതമുണ്ടായത്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പര്‍വ്വതാരോഹകരാണ് അപകടപ്പെട്ടത്. 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 34 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് എന്‍ഐഎം പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിഷ്ത് പറഞ്ഞു.
മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവിരെ ഹെലിക്കോപ്ടര്‍ മാര്‍ഗം ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിക്കിടക്കുന്ന പര്‍വതാരോഹകരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചീറ്റ ഹെലികോപ്ടറുകള്‍ വിന്യസിച്ചതായി വ്യോമസേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പ്രദേശത്ത് കനത്ത മഴയും മഞ്ഞു വീഴ്ചയും തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഹിമപാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ബുധനാഴ്ച രാവിലെയോടെ പുനരാരംഭിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, ആര്‍മി, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയോട് അപകടത്തെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. ദ്രൗപതി ദണ്ഡ പര്‍വതശിഖരത്തില്‍ തുടര്‍ച്ചയായി കനത്ത മഞ്ഞുവീഴ്ചയുണ്ടെന്ന് ഉത്തരാഖണ്ഡ് എസ്ഡിആര്‍എഫ് കമാന്‍ഡന്റ് മണികാന്ത് മിശ്ര പറഞ്ഞു. ഗംഗോത്രി മേഖലയില്‍ 18,000 അടി ഉയരത്തിലാണ് ദ്രൗപതി ദണ്ഡ പര്‍വതം സ്ഥിതി ചെയ്യുന്നത്. പര്‍വതാരോഹകരുടെ ഇഷ്ടകേന്ദ്രമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.