കളിപ്പാട്ടത്തിനുള്ളിൽ അതിമാരക മയക്കുമരുന്ന്: ന്യൂയോർക്കിൽ പിടിച്ചെടുത്തത് 15,000 റെയിൻബോ ഫെന്റനൈൽ ഗുളികകൾ

കളിപ്പാട്ടത്തിനുള്ളിൽ അതിമാരക മയക്കുമരുന്ന്: ന്യൂയോർക്കിൽ പിടിച്ചെടുത്തത് 15,000 റെയിൻബോ ഫെന്റനൈൽ ഗുളികകൾ

ന്യൂയോർക്ക്: കളിപ്പാട്ടമായ ലെഗോ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 15,000 റെയിൻബോ നിറമുള്ള ഫെന്റനൈൽ ഗുളികകൾ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (DEA) പിടിച്ചെടുത്തു. ന്യൂയോർക്ക് നഗരത്തിൽ വിതരണം ചെയ്യാൻ എത്തിച്ചിരുന്ന ഫെന്റനൈൽ ഗുളികകളാണ് അധികൃതർ പിടിച്ചെടുത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ഫെന്റനൈൽ വേട്ടയാണിതെന്ന് ഡിഇഎ വ്യക്തമാക്കി. ലഹരിമരുന്നായ മോർഫിനേക്കാൾ നൂറ് മടങ്ങും ഹെറോയിനേക്കാൾ അമ്പത് മടങ്ങ് അധിക വീര്യമാണ് ഫെന്റനൈലിനുള്ളത്. കഴിഞ്ഞവർഷം മാത്രം യുണൈറ്റഡ് സ്റ്റേറ്റ്സിൽ 100,000-ലധികം ജീവനാണ് ഇതിന്റെ അമിത ഉപയോഗം മൂലം അപഹരിക്കപ്പെട്ടത്.

മെക്സിക്കോയിലെ ഏറ്റവും ശക്തമായ ക്രിമിനൽ സംഘങ്ങളായ സിനലോവ കാർട്ടൽ വഴിയും ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ വഴിയുമാണ് ഈ ഗുളികകൾ പ്രധാനമായും വിതരണം ചെയ്യപ്പെടുന്നത് എന്നാണ് ഡിഇഎയുടെ നിഗമനം. ഫെന്റനൈൽ ഗുളികകൾ വൻതോതിൽ ബ്രാൻഡ് ചെയ്യപ്പെടാൻ വേണ്ടി ഈ ക്രിമിനൽ സംഘങ്ങൾ മിഠായിയുടെയും മരുന്നുകളുടെയും രൂപത്തിൽ റെയിൻബോ നിറങ്ങളിലാണ് ഇവ ഉത്പാദിപ്പിക്കുന്നതെന്നും ഏജൻസി പറഞ്ഞു.


മാരകമായ മയക്കുമരുന്ന് രസകരവും നിരുപദ്രവകരവുമാണെന്ന് തോന്നിപ്പിക്കുന്നതിന് വിവിധ നിറങ്ങളിൽ ഉല്പാദിപ്പിക്കുന്നതാണ് പുതിയ രീതി. പിടിച്ചെടുത്ത ഗുളികകളിൽ അഞ്ചിൽ രണ്ട് ഗുളികകളും മാരകമായ അളവിൽ ഫെന്റനൈൽ അടങ്ങിയിട്ടുണ്ടെന്നും ഡിഇഎ പറഞ്ഞു.

നഗരത്തിലെ 80% ത്തിലധികം ഓവർഡോസ് മൂലമുള്ള മരണങ്ങൾക്കും ഫെന്റനൈൽ കാരണമാകുന്നുവെന്ന് ന്യൂയോർക്ക് നാർക്കോട്ടിക്സ് സിറ്റി പ്രോസിക്യൂട്ടർ ബ്രിഡ്ജറ്റ് ബ്രണ്ണൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഒരു ഗുളികയ്ക്ക് മനുഷ്യനെ കൊല്ലാൻ സാധിക്കുമെന്ന് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളിലൂടെ പൊതുജനങ്ങളെ ഓർമ്മിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ഡിഇഎ ഏജന്റ് ഫ്രാങ്ക് ടാരന്റിനോ പറഞ്ഞു.

മെക്‌സിക്കോ അതിർത്തിയിൽ ഫെന്റനൈൽ പിടിച്ചെടുക്കുന്നതിൽ വളരെ വലിയ വർദ്ധനവ് അടുത്തിടെ അമേരിക്ക റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ മാത്രം സിനലോവ സംസ്ഥാനത്ത് 1,200 പൗണ്ട് (540 കിലോഗ്രാം) മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട് ഉണ്ട്. ഒരാളെ കൊല്ലാൻ രണ്ട് മില്ലിഗ്രാം ഫെന്റനൈൽ മാത്രം മതി. ഹെറോയിനേക്കാൾ കൂടുതൽ ആളുകളെ ഫെന്റനൈൽ കൊല്ലുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഫെന്റനൈലും സമാനമായ സിന്തറ്റിക് ഒപിയോയിഡുകളുമായും ബന്ധപ്പെട്ട മരണങ്ങൾ കഴിഞ്ഞ വർഷം 20% വർദ്ധിച്ചതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകകൾ ചൂണ്ടിക്കാണിക്കുന്നു. 70,000 ത്തിൽ ഏറെ മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന രാസവസ്തുവാണ് ഫെന്റനൈൽ. സിന്തറ്റിക് രാസവസ്തുവായ ഫെന്റനൈലിന്റെ പൊടി ചെറിയ അളവിൽ ശ്വസിച്ചാൽ തന്നെ ജീവന് അപകടമുണ്ടാക്കുമെന്നാണ് ഇത് സംബന്ധിച്ചുളള വിവരം.

രണ്ട് മില്ലിഗ്രാം ഫെന്റനൈൽ മനുഷ്യശരീരത്തിലെത്തിയാൽ പോലും മരണകാരണമാകാം. വായുവിലൂടെ വേഗത്തിൽ പടരുകയും മനുഷ്യ ശരീരത്തിലേയ്ക്ക് ശ്വസനം വഴിയോ ത്വക്കിലൂടെയോ കടന്നാൽ അത് മരണകാരണമാകും.

അനസ്‌തേഷ്യ നടത്തുന്നതിനും വേദനാ സംഹാരിയായും നിയന്ത്രിത അളവില്‍, ശാസ്ത്രീയമായ രീതിയിൽ ഫെന്റനൈല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില രാഷ്ട്രങ്ങളില്‍ ക്ളാസിഫൈഡ് ഡ്രഗായും ഫെന്റനൈൽ ഉപയോഗിക്കുന്നു. പല വിദേശ രാജ്യങ്ങളിലും ഫെന്റനൈല്‍ സുലഭമായി ലഭിക്കുന്നുണ്ട്. അപ്പാഷെ, ചൈനാ ഗേൾ, ചൈനാ ടൗണ്‍ തുടങ്ങിയ പേരുകളിലാണ് ഈ ഗുളികകൾ അറിയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.