പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരിക്കടത്ത്: മന്‍സൂറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരിക്കടത്ത്: മന്‍സൂറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

കൊച്ചി : പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരി മരുന്ന് കടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മന്‍സൂര്‍ തച്ചന്‍ പറമ്പിലിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നീക്കങ്ങള്‍ തുടങ്ങി. ചോദ്യം ചെയ്യാന്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ഇന്റെര്‍പോളിന്റെ സഹായം അടക്കം തേടാനാണ് തീരുമാനം. മന്‍സൂറാണ് മുഖ്യ സൂത്രധാരനെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

നവിമുംബൈയില്‍ ലഹരി മരുന്ന് കൊണ്ട് പോകാന്‍ മന്‍സൂര്‍ ഏല്‍പിച്ച രാഹുലിനായും തിരച്ചില്‍ നടക്കുകയാണ്. രാഹുല്‍ എത്തി ലഹരി മരുന്ന് കൊണ്ടു പോവുമെന്നായിരുന്നു മന്‍സൂര്‍ നല്‍കിയ നിര്‍ദേശമെന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിന്‍ വര്‍ഗീസ് മൊഴി നല്‍കിയത്.

ആയിരത്തി നാനൂറ് കോടിയിലേറെ രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസിന്റെ ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മന്‍സൂറാണെന്ന് ഡിആര്‍ഐയുടെ അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. നാല് വര്‍ഷമായി സംഘം ലഹരി കടത്ത് നടത്തുകയാണ്. കൊച്ചി, മുംബൈ തുറമുഖങ്ങളിലൂടെ 2018 മുതല്‍ ലഹരി മരുന്ന് കടത്തുന്ന വന്‍ സംഘത്തിന്റെ ഭാഗമാണ് മന്‍സൂര്‍ തച്ചംപറമ്പിലെന്നാണ് ഡിആര്‍ഐ കണ്ടെത്തല്‍. ഇത്തവണ വലന്‍സിയെ ഓറഞ്ചെന്ന് പറഞ്ഞ് 46000 പെട്ടികള്‍ എത്തിച്ചപ്പോള്‍ അതില്‍ 320 ഉം ലഹരി മരുന്നായിരുന്നു.

ഡിആര്‍ഐ പിടികൂടുന്നതിന് തലേന്ന് മന്‍സൂര്‍ വിജിന്‍ വര്‍ഗീസിനെ വാട്‌സ് ആപ്പില്‍ വിളിക്കുകയും ലഹരി മരുന്ന് പെട്ടികള്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്നും പറഞ്ഞിരുന്നു. രാഹുല്‍ എന്നയാളെ ഇതിനായി നിയോഗിച്ചെന്നാണ് അറിയിച്ചത്. രാഹുല്‍ അയച്ചതെന്ന് പറഞ്ഞാണ് മഹേഷ് എന്നൊരാള്‍ ട്രക്കുമായി എത്തിയതും ലഹരി മരുന്ന് കൊണ്ടു പോയതും. വഴിമധ്യേ ഡിആര്‍ഐ പിടികൂടുകയായിരുന്നു.

തന്നെ ഒപ്പമുണ്ടായിരുന്ന ഗുജറാത്ത് സ്വദേശി ചതിച്ചതെന്നായിരുന്നു മന്‍സൂര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇത് നുണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ മന്‍സൂറാണെന്ന് വ്യക്തമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.