മനസ്-തിരയടങ്ങാത്ത തീരം

 മനസ്-തിരയടങ്ങാത്ത തീരം

''ഈ ലോകത്തില്‍, നിന്റെ സ്‌നേഹം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നത് നീതന്നെയാണ്'' എന്ന ശ്രീബുദ്ധന്റെ വചനം മനസിന്റെ ബലം നഷ്ടപ്പെടാത്തവര്‍ക്ക് മനസിലാക്കാന്‍ എളുപ്പമാണ്. ആത്മവിശ്വാസവും അതിജീവനത്തിന്റെ ആവേശവും നിറഞ്ഞ മനസുകളാണ് ആരോഗ്യമുള്ള സമൂഹ മനസിന്റെ അടിത്തറയെന്നും രോഗാതുരമായ മനസുള്ളവര്‍ മനുഷ്യന്റെ ബൗദ്ധിക വളര്‍ച്ചയുടെ വിഘ്‌നങ്ങളാണെന്നും ലോകത്തെ ഓര്‍മിപ്പിക്കാനാണ്, 1992 മുതല്‍ ലോക മാനസികാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് മാനസികാരോഗ്യ ദിനം ആചരിക്കുന്നത്.

ലോക ജനസംഖ്യയില്‍ പതിനാലിലൊരാള്‍ മാനസികാരോഗ്യത്തിന് ഇരയാണെന്ന പഠനം മനുഷ്യ മനസിന്റെ അരക്ഷിതാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. മനസ് എന്നത് മനുഷ്യന് എന്നും ഒരു പ്രഹേളികയാണ്. ചുഴിഞ്ഞു നോക്കാനോ തുരന്നു നോക്കാനോ ആവാതെ പ്രവൃത്തികളുടെ പ്രതിഫലനങ്ങള്‍ക്കൊണ്ടു മാത്രം വെളിപ്പെടുന്ന മാനസികാവസ്ഥകള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.

മാനസികാരോഗ്യങ്ങളുടെ കാരണം അന്വേഷിച്ചു മനശാസ്ത്രജ്ഞര്‍ യാത്ര തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ കാലം ചെല്ലുന്തോറും മനുഷ്യ മനസും കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അന്തര്‍മുഖത്വവും ബഹിര്‍മുഖത്വവുമാണ് മനസിന്റെ രണ്ട് അവസ്ഥകളായി വിഖ്യാതനായ ഫ്രോയ്ഡ് അവതരിപ്പിക്കുന്നത്. അന്തര്‍മുഖരായ വ്യക്തികള്‍ ഉള്‍വലിയുന്ന പ്രകൃതമുള്ളവരാണ്. മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ മടിക്കുന്ന മാനസികസമ്മര്‍ദങ്ങള്‍ അവരുടെ മനസിനെ ദുര്‍ബലമാക്കുന്നുണ്ട്. ബഹിര്‍മുഖത്വമുള്ളവര്‍ തുറന്നു സംസാരിക്കുന്നവരും മാനസികസമ്മര്‍ദം കുറവുള്ളവരുമാണ്.

ഉള്ളുതുറന്നു സംസാരിക്കാനും പങ്കുവയ്ക്കാനും വിശ്വസ്തരായ സുഹൃത്തുക്കളും ബന്ധുക്കളുമുള്ളവര്‍ക്ക് മാനസികസമ്മര്‍ദം കുറവാണ്. എന്നാല്‍ ഇന്നു മറ്റുള്ളവര്‍ക്കു നല്‍കാന്‍ സമയമുള്ള സൗഹൃദങ്ങള്‍ കുറയുകയാണ്. മനസുതുറന്നൊന്നു പങ്കുവയ്ക്കാന്‍ പല വീടുകളിലും കടപ്പാടുള്ളവര്‍ക്ക് സമയമില്ല. വീടുകളില്‍ കുടുംബാന്തരീക്ഷം നഷ്ടപ്പെടുമ്പോഴും ഒരുമിച്ചുള്ള ഭക്ഷണവും പ്രാര്‍ഥനയും നിലയ്ക്കുമ്പോഴും വ്യക്തികള്‍ ഒറ്റയാവുകയും അവരവരുടെ ഭാണ്ഡങ്ങളും ചുമന്ന് തനിച്ചു നടക്കുകയുമാണ്.

ഇത്തരം സാഹചര്യത്തില്‍ ഒരാള്‍ക്ക് അയാളില്‍ത്തന്നെ മതിപ്പു വളര്‍ത്താനും സ്വന്തം സാധ്യതകളില്‍ വിശ്വാസം വര്‍ധിപ്പിക്കാനും കഴിയണം. സ്വയം പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവര്‍ മനസിനു ബലം വര്‍ധിപ്പിക്കുന്നവരാണ്. സ്വയം സ്‌നേഹിക്കാന്‍ കഴിയുമ്പോള്‍ മനസ് കൂടുതല്‍ ദൃഢമാകും.

ആരെങ്കിലും ആശ്വസിപ്പിച്ചിരുന്നെങ്കില്‍, ആരെങ്കിലും എന്നെ സ്‌നേഹിച്ചിരുന്നെങ്കില്‍ എന്നെല്ലാം വിലപിക്കുന്നവര്‍ പലപ്പോഴും ആരെയും ആശ്വസിപ്പിക്കാത്തവരും ആര്‍ക്കും സ്‌നേഹം നല്‍കാത്തവരുമാണ്. സ്വന്തം മനസിനെ സ്വസ്ഥമാക്കി നിലയ്ക്കു നിര്‍ത്താനുള്ള കഴിവാണ് മാനസികാരോഗ്യം. അസ്വസ്ഥമായ മനസിന്റെ ഉടമകള്‍ ആര്‍ക്കും സ്വാസ്ഥ്യം നല്‍കുന്നില്ല.

സ്വയം ആശ്വസിപ്പിക്കാനും സ്വന്തം കഴിവുകളില്‍ മതിപ്പു വളര്‍ത്താനും വ്യവസ്ഥകളില്ലാത്ത ഉദാര സൗഹൃദം ശീലിക്കാനും കഴിഞ്ഞാല്‍ നാം സന്തോഷമുള്ള മനസിന്റെ ഉടമകളാകും. സന്തോഷമുള്ള മനസാണ് ആരോഗ്യമുള്ള ശരീരത്തേക്കാള്‍ പ്രധാനം.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.